നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാൻ ആരാധകരുടെ ഒരുവലിയ നിര തന്നെ എത്തിയിരുന്നു. തുടർന്ന് സിനിമാസുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിക്കുകയും ചെയ്തു.
എന്നാൽ ദിലീപിന് ലഭിച്ച ഈ സ്വീകരണം വലിയൊരു കുറ്റത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ എത്തിയിരുന്നു. ഭാഗ്യലക്ഷ്മി അടക്കമുളളവർ പ്രതികരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സിനിമയിലെ വനിതാസംഘടനയായ വുമൻ ഇൻ കലക്ടീവ് പ്രതികരിക്കുന്നു.
വുമൻ ഇൻ കലക്ടീവ് കുറിപ്പ് വായിക്കാം–
‘നിയമവും നീതി നിർവ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെൺകുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടത് പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!’