ഹാദിയ കേസില്‍ കക്ഷിചേരാന്‍ സംസ്ഥാന വനിതാകമ്മിഷന് സുപ്രീംകോടതിയില്‍. ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു. വനിതാ കമ്മിഷന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് പൗരാവകാശം നിഷേധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നേരിട്ട് ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മിഷന് അധികാരം നല്കുന്ന വനിതാ കമ്മിഷന് നിയമത്തിലെ പതിനേഴാം വകുപ്പ് ഹാദിയ വിഷയത്തിലും പ്രയോഗിക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാനആവശ്യം.
ഹാദിയ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് സ്ത്രീസംഘടനകള്‍ അടക്കമുളളവയില്‍ നിന്ന് ഒട്ടേറെ പരാതികളാണ് കമ്മിഷന് ലഭിച്ചത്. ഹാദിയയുടെ പൗരാവകാശം സംരക്ഷിക്കാന്‍ വനിതാ കമ്മിഷന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ഹാദിയയുടെ ആരോഗ്യനിലയും പരിശോധിക്കണം. അതിനാല്‍ ഹാദിയയെ ഡോക്ടറൊടൊപ്പം നേരില്‍ കാണാന്‍ അനുവദിക്കണമെന്ന് വനിതാകമ്മിഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ മുന്‍ഭര്‍ത്താവ് ഷെഫിന് ജഹാന്റെ ഹര്‍ജിയോടൊപ്പം വനിതാ കമ്മിഷന്റെ ആവശ്യവും ഈമാസം ഒന്‍പതിന് സുപ്രീംകോടതി പരിഗണിക്കും.