E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കാത്തിരിക്കുന്നത് കടുത്ത മഴ: നിന്നുപെയ്യും, ഇതേ ശക്തിയിൽ; കണ്ണൂരിൽ രണ്ടുമരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rain-havoc-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കനത്ത മഴയിൽ മുങ്ങി കേരളം. പലയിടത്തും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഗതാഗത തടസ്സം. ഒട്ടേറെ വീടുകൾ തകർന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ ‘നിന്നു പെയ്യാൻ’ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നു കലക്ടർമാർക്കു ജാഗ്രതാനിർദേശം നൽകി. അഗ്നിശമനസേനയോടും ദുരന്തനിവാരണ വിഭാഗത്തോടും മുൻകരുതലുകളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിൽ രാത്രി ഗതാഗതം നിയന്ത്രിച്ചു.

കണ്ണൂരിൽ കനത്ത മഴയിൽ തെങ്ങു വീണ് മാട്ടൂൽ മടക്കരയിൽ ഓട്ടക്കണ്ണൻ മുഹമ്മദ് കുഞ്ഞി (58), ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലു വീണു പാനൂർ കൊളവല്ലൂരിൽ ഇതരസംസ്ഥാന തൊഴിലാളി കർണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) എന്നിവർ മരിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര, പൊന്മുടി, നെയ്യാർ, പേപ്പാറ, വടക്കഞ്ചേരി മംഗലം ഡാമുകളുടെ ഷട്ടർ തുറന്നു.

എന്തുകൊണ്ട് മഴ? ∙ ഒഡീഷയുടെയും കർണാടകയുടെയും തീരത്തു രൂപംകൊണ്ട അന്തരീക്ഷച്ചുഴികൾ. ∙ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ഭാഗത്തു രൂപംകൊണ്ട ന്യൂനമർദ പാത്തി. ∙ രണ്ടും ഒരുമിച്ചുവന്നതു പ്രതീക്ഷിച്ചതിലേറെ മഴയ്ക്കു കാരണം.

റെക്കോർഡിട്ട് മഴപ്പെയ്ത്ത്! ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂർ കേരളത്തിൽ പെയ്തിറങ്ങിയത്. 79 മില്ലിമീറ്ററാണു കേരളത്തിലാകെ രേഖപ്പെടുത്തിയ ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചതു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ്. 235 മില്ലിമീറ്റർ.

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് മണ്ണിടിഞ്ഞു വീണു കോട്ടയത്തു കനത്ത മഴയിൽ ഗുരുവായൂർ– ഇടമൺ പാസഞ്ചർ ട്രെയിൻ കടന്നു പോകുന്നതിനിടെ ചിങ്ങവനം പൂവൻതുരുത്തു മേൽപാലത്തിനു സമീപത്തുനിന്നു റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു. പാളത്തിൽ വീണ പാറക്കല്ലിലും മണ്ണിലും കയറി ആടിയുലഞ്ഞ ട്രെയിൻ തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.10 നു കനത്ത മഴയിൽ മേൽപാലത്തിന്റെ അരികിലെ കൽക്കെട്ടിലെ പാറകളും മണ്ണും ട്രെയിനിന്റെ എൻജിനിലേക്കു വീഴുകയായിരുന്നു. അപകടം ഉണ്ടായതിന്റെ 200 മീറ്റർ ദൂരെ മാറ്റിയാണു ട്രെയിൻ നിർത്താനായത്.

എൻജിന്റെ പുറത്തു കല്ലു വീണു കേടുപാടുകൾ ഉണ്ടായതിനെ തുടർന്നു ചിങ്ങവനം സ്റ്റേഷനിലെത്തിച്ചു തകരാർ ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണു യാത്ര തുടർന്നത്. കോട്ടയം –ചങ്ങനാശേരി റൂട്ടിൽ രണ്ടു മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നാലു ട്രെയിനുകൾ കോട്ടയം–ചിങ്ങവനം സ്റ്റേഷനുകൾക്കിടയിൽ പിടിച്ചിട്ടു. 12.10 നു ട്രാക്ക് പൂർവസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

തൃശൂരിനും പൂങ്കുന്നത്തിനും ഇടയ്ക്ക് കോട്ടപ്പുറം പാലത്തിനു സമീപം റെയിൽവേ പാലത്തിലേക്ക് രാത്രി മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ട്രെയിനുകൾ വൈകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാത്രി യാത്രയ്ക്കു നിയന്ത്രണം മഴ തുടരുന്ന പശ്ചാത്തലത്തിൽ പലയിടത്തും രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രി യാത്ര ഒഴിവാക്കാൻ നിർദേശവുമുണ്ട്.

താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ജില്ലാകലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. മലയോര മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

മൂന്നാറിലേക്ക് ഗതാഗതം നിരോധിച്ചു മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം നേര്യമംഗലത്ത് തടയും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിരോധനം തുടരും. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിർത്തിവച്ചു, പള്ളിവാസലിനു സമീപം രണ്ടാം മൈലിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞു വീണ് ഒരു കാർ നശിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാർകാട്–അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചു.

സർവകലാശാല പരീക്ഷകൾ മാറ്റി മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ കുട്ടനാട്ടിലെ ഒഴികെയുള്ള കുസാറ്റ് ക്യാംപസുകളില്‍ തിങ്കളാഴ്ച ക്ലാസ് നടക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു.

ജാഗ്രതാ നിർദേശം സംസ്ഥാനമൊട്ടുക്ക് മഴ കനത്തതിനെ തുടർന്ന് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിർദേശം നൽകി. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസിൽദാർമാർക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി. പ്രശ്നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.

പാലക്കാട്ട് ഉരുൾപ്പൊട്ടൽ കനത്തമഴയെ തുടർന്ന് അട്ടപ്പാടി ആനക്കൽ, തെ‍ാട്ടിയക്കര, പുതൂർ, ജെല്ലിപ്പാറ മേഖലകളിൽ വലിയ നാശ നഷ്ടം. ആനക്കൽ – തെ‍ാട്ടിയാക്കര ഭാഗത്ത് രണ്ടിടത്ത് ഉരുൾപ്പൊട്ടി. നാലുവീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. മിക്കയിടത്തും വെള്ളം കയറിയിട്ടുണ്ട്. പെ‍ാലീസ്, ഫയർഫേ‍ാഴ്സ് എന്നിവയുൾപ്പെടെയുളള സംവിധാനം സ്ഥലത്തുണ്ട്. കൺട്രേ‍ാൾ റൂം തുറന്നു. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ വീണ മരങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു. ഇതുവഴിയുളള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ഇടുക്കിയിൽ കനത്ത മഴ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നു. പലയിടത്തും കൃഷി നാശം. തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി.

വ്യാപക നാശനഷ്ടങ്ങള്‍ ശനിയാഴ്ച രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര–തീരമേഖലയിലേക്കു പോകുന്നവർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ ശനിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു. മഹാരാജാസ് കോളജിൽ നിന്ന മരമാണ് റോഡിനു കുറുകെ വീണത്. ഇതിന്റെ ഒരറ്റം ആശുപത്രിക്കെട്ടിടത്തിലേക്കു പതിക്കുകയായിരുന്നു. രോഗികൾ ഉൾപ്പെടെ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. കൊച്ചിയിൽ മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അതിനിടെ മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും ഉൾപ്പെടെ മഴ തുടരുകയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവർഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്‌ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ, ഇത് ഒരിക്കലും തുലാവർഷത്തിന്റെ തുടക്കമല്ല. അതിന് ഒക്‌ടോബർ പകുതി വരെ കാത്തിരിക്കണം.

ശക്‌തമായ മേഘസാന്നിധ്യം ബംഗാൾ ഉൾക്കടലിൽ ശക്‌തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വൻനിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ കനത്ത മഴയുണ്ടാകും. ശനിയാഴ്ച തളിപ്പറമ്പിൽ ആറ് സെന്റിമീറ്ററും വൈത്തിരിയിൽ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു.

ഹോസ്ദുർഗ്, കുഡ്‌ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളിൽ ഒന്നു മുതൽ രണ്ടു വരെ സെന്റിമീറ്റർ മഴ പെയ്തു.

സംസ്‌ഥാനത്ത് ഈ സീസണിൽ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്‌ഥാനത്ത് ശനിയാഴ്ച വരെ ഏകദേശം 155 സെ.മീ. മഴ ലഭിച്ചു കഴിഞ്ഞതോടെയാണു പത്തനംതിട്ട സംസ്‌ഥാനത്തെ കാലവർഷക്കണക്കിൽ ഒന്നാം സ്‌ഥാനം നേടിയത്. മഴയുടെ കുറവു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രം.

ആറു ശതമാനം മഴയുടെ കുറവുമായി കോട്ടയവും ഏഴു ശതമാനം കുറവുമായി കൊല്ലവും ഒൻപതു ശതമാനം കുറവുമായി എറണാകുളവും പത്തനംതിട്ടയ്‌ക്കു പിന്നിലുണ്ട്. ഈ നാലു ജില്ലകളും വൈകാതെ ശരാശരി മഴ കിട്ടിയ ജില്ലകളുടെ പട്ടികയിൽ ഇടം പിടിക്കുമെന്നാണു നിഗമനം.

16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്. രണ്ടാഴ്‌ച മുൻപ് ഇതു 30 ശതമാനമായിരുന്നു. മെച്ചപ്പെട്ട മഴ കിട്ടിയിട്ടും 45 ശതമാനത്തിന്റെ കുറവുമായി നിൽക്കുന്ന വയനാട്ടിലാണ് കാലാവസ്‌ഥ കേരളത്തോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.