ബി.ജെ.പിയുടെ വിജയത്തിനായി, ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഭാര്യ, സോനാൽ ഷാ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിൽ തീർഥാടനത്തിന്. ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനത്തോടെയാണ് സോനാൽഷായും ബന്ധുക്കളും യാത്രയ്ക്ക് തുടക്കമിട്ടത്. ഗുജറാത്തിൽ നിന്നുള്ള അറുപതുപേരാണ് സംഘത്തിൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ തെക്കേഇന്ത്യയിൽ പാർട്ടിശക്തിപ്പെടുത്താൻ ആദ്യഘട്ടപര്യടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ സോനാൽ ഷായുടെ തീർഥയാത്ര.
രാവിലെ ഏഴിന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെത്തിയ അവർ ഒന്നരമണിക്കൂറിലേറെ ഇവിടെ ചെലവിട്ടു. കാര്യമായ സുരക്ഷാസന്നാഹങ്ങളില്ലാതെയാണ് ദർശനത്തിനെത്തിയത്. ശ്രീകോവിലിൽ പൂജിച്ച താമരപ്പൂക്കൾ പ്രസാദമായി ഏറ്റുവാങ്ങി. സന്ദർശനത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും ഭർത്താവിനോട് ചോദിക്കാതെ ഒന്നുംപറയില്ലെന്നായിരുന്നു സോനാൽ ഷായുടെ മറുപടി. കേരളത്തിലെയും തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണ് ലക്ഷ്യം.