ഓൺലൈൻ കൊലയാളി ഗെയിം ബ്ലൂ വെയ്ലിൽ പെട്ടുപോകുന്ന അവസ്ഥയാണു ശോഭായാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടേതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരിക്കൽ പോയാൽ പിന്നീട് രക്ഷപ്പെടാൻ കഴിയില്ല. ബോംബും ആയുധങ്ങളും ഉപയോഗിക്കാൻ പരിശീലനം നൽകി, കൊലയാളികളാക്കി മാറ്റുകയാണു ചെയ്യുന്നതെന്നും കോടിയേരി ആരോപിച്ചു.
ഗണപതിയും സിപിഎമ്മും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ഗണപതിയുടെ കാലത്തു സിപിഎം ഉണ്ടായിരുന്നില്ല. എന്നാൽ, ഗണേശോൽസവ യാത്രകൾക്കിടെ സിപിഎം ഓഫിസുകൾക്കുനേരെ ആക്രമണം നടത്തുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. ഓരോ ദൈവങ്ങളുടെ പേരിൽ സിപിഎമ്മിനെ ആക്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കരിവെള്ളൂർ മെട്ടമ്മലിൽ സിപിഎം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.