ബീഫില്‍ നാവുപിഴച്ച് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയിലേക്കുവരുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍ നിന്ന് കഴിച്ചിട്ടുവരണമെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായി. കേരളീയര്‍ ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് പ്രശ്നമില്ലെന്ന് താന്‍ പറഞ്ഞെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം ഭുവനേശ്വറില്‍ പറഞ്ഞു.
േകന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്തശേഷം ബീഫ് വിഷയത്തില്‍ പറഞ്ഞതെല്ലാം വിഴുങ്ങി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിനോദസഞ്ചാരികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് ബീഫ് കഴിച്ചശേഷം ഇന്ത്യയിലേക്ക് വരാമെന്ന് കണ്ണന്താനം പറഞ്ഞു. ബീഫ് നിയന്ത്രണം വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. ഇന്ത്യന്‍ അസോസിയേഷന് ഒാഫ് ടൂര്‍ ഒാപ്പറേറ്റര്‍മാരുടെ മുപ്പത്തിമൂന്നാമത് കണ്വെന്ഷന് ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല. അതുകൊണ്ട് ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താനല്ല മറുപടി പറയേണ്ടതെന്നും കണ്ണന്താനം വ്യക്തമാക്കി. കേരളീയര്‍ ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്.
ഞാറയാഴ്ച്ച സ്ഥാനമേറ്റെടുത്തശേഷം ഇംഗ്ലീഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നതില്‍ ബിജെപിക്ക് കുഴപ്പമില്ലെന്ന് കണ്ണന്താനം പറഞ്ഞത്.