E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കണ്ണന്താനം ചോദിച്ചു: ‘ഗ്രാമത്തിന്റെയും രാജ്യത്തിന്റെയും ടീമിൽ കളിക്കാൻ കിട്ടിയാൽ എവിടെ കളിക്കും?’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Alphons-Kannanthanam-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരമരസികനാണ് അൽഫോൻസ് കണ്ണന്താനം. ഹൈപ്പർ ആക്ടിവ് ആയ കുട്ടികളെപ്പോലെ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കണം. 2006ൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മൽസരിക്കാനെത്തി കണ്ണന്താനം. ലാൻഡ് റവന്യൂ കമ്മിഷണർ സ്ഥാനം രാജിവച്ചായിരുന്നു രാഷ്ട്രീയ പ്രവേശം. സിവിൽ സർവീസും മറ്റുമൊക്കെയായി നാട്ടിൽനിന്ന് അകലെ ഒരുപാടു കാലം കറങ്ങിത്തിരിഞ്ഞുള്ള വരവാണ്. മണ്ഡലത്തിൽപ്പെടുന്ന മണിമലയാണു സ്വദേശമെങ്കിലും കക്ഷിയെ കെട്ടിയിറക്കിയതാണെന്ന് എതിർപക്ഷം പരക്കേ ആക്ഷേപമുന്നയിക്കുന്നുണ്ട്.

അങ്ങനെയിരിക്കെ പ്രചാരണം തുടങ്ങി. വോട്ടു ചോദിക്കാൻ ചെല്ലുന്ന വീടുകളിലെയൊക്കെ കിണറ്റിൽ ഒന്നെത്തി നോക്കും കണ്ണന്താനം, ‘വെള്ളമുണ്ടോ?’ എതിരാളികൾ അപ്പോൾ ഇങ്ങനെ പരിഹസിക്കും: ‘മണ്ഡലത്തെ അറിയാത്തതു കൊണ്ടല്ലേ എത്തിനോക്കേണ്ടി വരുന്നത്? ഏതു കിണറ്റിൽ വെള്ളമുണ്ടെന്നു നോക്കാതെ പറയാൻ തങ്ങൾക്കറിയാം.’ അപ്പോഴാണ് കണ്ണന്താനത്തിന്റെ പഞ്ച് ഡയലോഗ്: ‘കിണറിൽ നോക്കാതെ വെള്ളമുണ്ടെന്നു കണ്ടെത്താൻ അവരൊക്കെ മേഘങ്ങളിൽ വസിക്കുന്നവരായിരിക്കും. ഞാനങ്ങനെയല്ല. മണ്ണിലാണു എന്റെ നിൽപ്. ജനങ്ങളുമായി സ്വപ്‌നം പങ്കിടലാണു ലക്ഷ്യം.’

‘ഐഎഎസ് കുപ്പായമഴിച്ചു’ എന്ന് അന്നു കണ്ണന്താനത്തെക്കുറിച്ചു പറഞ്ഞത് ഒട്ടും ആലങ്കാരികമായിരുന്നില്ല – അക്ഷരാർഥത്തിൽ അദ്ദേഹത്തിന്റെ കുപ്പായം മാറിയിരുന്നു. വെള്ള ഒറ്റമുണ്ട്. ഏതാണ്ടൊരശ്രദ്ധമായി ധരിക്കുന്ന വെള്ളയോ ക്രീമോ നിറമുള്ള ഷർട്ട്. ബാത്‌റൂമിൽ ഉപയോഗിക്കുന്ന റബർ ചപ്പൽ. ഇംഗ്ലിഷൊരൊറ്റ വാക്കുപോലും വായിൽനിന്നു വീഴുകയില്ല. തനി ജനകീയ രൂപം! പോരാത്തതിനു കേറുന്ന പെട്ടിക്കടകളിലൊക്കെ മിഠായിക്കുപ്പിയിൽ കയ്യിടൽ. തോളത്തൊരു തട്ട്. കുട്ടികളുമായി കളി. താനും ‘തന്റെ കാലം കഴിഞ്ഞാൽ മക്കളും ഇവിടെ രാഷ്‌ട്രീയത്തിൽ വന്നു കെട്ടിക്കിടക്കില്ല’ എന്നു പ്രഖ്യാപനം. ‘ചെയ്യാനുള്ളതു ചെയ്‌തുകഴിഞ്ഞാൽ പോകും. ഉദ്യോഗസ്‌ഥനെന്ന നിലയിലും അതുതന്നെയാണു ചെയ്‌തത്.’ രാഷ്‌ട്രീയവും വിട്ടാൽ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ‘എന്തും ചെയ്യും. ഞാനൊരു അഭിഭാഷകനാണ്, പ്രാക്‌ടീസ് ചെയ്യാം. കുട്ടികളുമായി കളിക്കാം, പാട്ടുപാടാം!’ അങ്ങനെ ആ തിരഞ്ഞെടുപ്പിൽ കണ്ണന്താനം സുഖമായി ജയിച്ചു കയറി. എൽഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയാകും എന്നൊക്കെ സംസാരമുണ്ടായി. പക്ഷേ സംഭവിച്ചില്ല. കാഞ്ഞിരപ്പള്ളി മെംബറായി തുടർന്നു. ഇടയ്ക്കു കാഞ്ഞിരപ്പള്ളിയിലെ എല്ലാ സ്കൂളുകളിലും നേരിട്ടു പോയി ഓരോ പീരീഡ് ക്ലാസെടുക്കാനുള്ള പദ്ധതിയൊക്കെയിട്ടു. കുറച്ചു സ്കൂളുകളിൽ ക്ലാസെടുക്കുകയും ചെയ്തെന്നു തോന്നുന്നു.

∙∙

2011 ആയി. മണ്ഡല പുനർനിർണയം നടന്നപ്പോൾ കാഞ്ഞിരപ്പള്ളിയുടെ കൂടുതൽ ഭാഗങ്ങളും പൂഞ്ഞാർ മണ്ഡലത്തിലായി. അൽഫോൻസ് കണ്ണന്താനത്തെ പൂഞ്ഞാറിൽ ഇടതു സ്ഥാനാർഥിയായി സിപിഎം തീരുമാനിച്ചു. സാക്ഷാൽ പി.സി. ജോർജിനെ നേരിടാൻ, ജോർജിനെ പോലെ തന്നെ ‘ഒരെല്ലു കൂടുതലുള്ള’ കണ്ണന്താനം എന്നൊക്കെ പത്രങ്ങൾ എഴുതി. എന്നാൽ, അവിടെയായിരുന്നു കണ്ണന്താനത്തിന്റെ അടുത്ത ഷോക്കർ. പാർട്ടി സെക്രട്ടറി പിണറായി വിജയന് ഒരു എസ്എംഎസ് അയച്ചു കക്ഷി മൽസരരംഗത്തുനിന്നു സ്മൂത്തായി പിന്മാറി.

സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു തൊട്ടു തലേന്നത്തെ ആ അടിയിൽ ‌സിപിഎം നടുങ്ങിത്തരിച്ചു പോയി. പകരമൊരു സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടി ചക്രശ്വാസം വലിച്ചു. അൽഫോൻസ് കോൺഗ്രസിലേക്കു പോകുമെന്നായിരുന്നു അന്ന് എല്ലാവരും സംശയിച്ചത്. ഇടത് എംഎൽഎ ആയിരിക്കെ തന്നെ രാഹുൽ ഗാന്ധിയെ ഒരിക്കൽ അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. അക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിൽ എന്താണെന്നു വളരെക്കുറച്ചു പേർക്കേ അറിയുമായിരുന്നുള്ളൂ.

ആ സമയത്ത് കണ്ണന്താനത്തെ ഈ ലേഖകൻ ഫോണിൽ വിളിച്ചു സംസാരിച്ചു. ആ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെ:

∙ ചോദ്യം: പിന്മാറ്റത്തിലൂടെ സിപിഎമ്മിനെ വല്ലാത്തൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണു താങ്കൾ. അവർക്കു പകരം സ്‌ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല?

കണ്ണന്താനം: സ്‌ഥാനാർഥികളെ പ്രഖ്യാപിക്കും മുൻപാണല്ലോ ഞാൻ പിന്മാറിയത്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും എത്രയോ ചെറുപ്പക്കാരുണ്ട്. എന്നോടു ചോദിച്ചാൽ ഞാൻ ചൂണ്ടിക്കാട്ടിക്കൊടുക്കാം.

∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനുണ്ടാവുമോ?

ചിത്രം തെളിഞ്ഞുവരട്ടെ. ഞാനിപ്പോഴും കാഞ്ഞിരപ്പള്ളി എംഎൽഎയാണ്. കുറച്ചുകാലത്തേക്ക് ഇനി എംഎൽഎ എന്ന നിലയിൽ പ്രവർത്തനമില്ലല്ലോ. എങ്കിലും ഇടയ്‌ക്കു കാഞ്ഞിരപ്പള്ളിയിൽ വരും.

∙ തോൽക്കുമെന്നു പേടിച്ചാണു പിന്മാറിയതെന്ന് എതിരാളികൾ പറയുന്നു.

നിങ്ങൾ പൂഞ്ഞാർ മണ്ഡലത്തിൽ ഒരു സർവേ നടത്തൂ. അപ്പോൾ അറിയാം ആർക്കാണു പിന്തുണയെന്ന്. അവിടെ ഒരു വീട്ടിൽ ഞാൻ ചെന്നപ്പോൾ അഞ്ഞൂറുപേരാണു കൂടിയത്. മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചപ്പോൾ പൂഞ്ഞാറിൽനിന്നു പലരും വിളിച്ച് ആത്മഹത്യ ചെയ്യുമെന്നുവരെ പറഞ്ഞു.

∙ പ്രചാരണം തുടങ്ങി, വീടുകൾ കയറി, ആളുകളെ കണ്ടു, പോസ്‌റ്റർ അടിച്ചു...അത്രയുമൊക്കെയായിട്ടും എന്തുകൊണ്ടാണു പിന്മാറിയത്?

ഒരു വീട്ടിലും കയറി ഞാൻ വോട്ടുചോദിച്ചില്ല. എല്ലാ വീട്ടിലും നിങ്ങൾ എന്തു പറയുന്നു, നിൽക്കണോ എന്നാണു ചോദിച്ചത്. അവരുടെ അഭിപ്രായം അറിയാനാണു ചെന്നത്.

∙ പക്ഷേ, എന്തുകൊണ്ടാണ് ഈ തീരുമാനം? പറയുന്ന കാരണങ്ങളൊന്നും അത്ര വിശ്വസനീയമല്ലെന്നു നാട്ടുകാർ പറയുന്നു.

ഭഗവദ്‌ഗീതയിൽ പറഞ്ഞതുപോലെയുള്ള അവസ്‌ഥയാണ്. പൊട്ടക്കുളത്തിൽ കിടക്കണോ മഹാസമുദ്രത്തിലേക്ക് എത്തണോ? ഇതൊന്നും പറഞ്ഞാൽ പലർക്കും മനസ്സിലാവില്ല. ദേശീയ - രാജ്യാന്തര തലത്തിൽ പ്രവർത്തനപരിചയമുള്ള ആളാണു ഞാൻ. പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ മാത്രം നിൽക്കേണ്ട കാര്യമില്ല. പൂഞ്ഞാറല്ല ലോകത്തിന്റെ അവസാനം. ഇന്ത്യ മുഴുവൻ കണ്ട ആളാണു ഞാൻ. ഇനിയൊരു 10 വർഷംകൂടിയാണ് എനിക്കു പ്രവർത്തിക്കാൻ കഴിയുന്ന കാലമെന്നു ഞാൻ കരുതുന്നു. അത് ഇന്ത്യയ്‌ക്കുവേണ്ടി പ്രവർത്തിക്കണം. ഞാൻ മാത്രം എയർകണ്ടീഷൻ മുറിയിൽ ഇരുന്നാൽ പോരാ. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ദരിദ്രർ കുറവാണ്. കൂടുതൽ ദാരിദ്ര്യമുള്ള മേഖലയിലേക്ക്, വിശാലമായ ഫ്രെയിമിലേക്ക്, കൂടുതൽപേരുടെ ജീവിതത്തെ മാറ്റാവുന്ന രീതിയിൽ പ്രവർത്തിക്കണം.

∙ രാഹുൽ ഗാന്ധിയെ കണ്ടുവെന്നും രാഹുൽ എന്തോ ദൗത്യം ഏൽപിച്ചുവെന്നുമൊക്കെയാണല്ലോ സംസാരം?

രാഹുലിനെ രണ്ടു വർഷം മുൻപാണ് അവസാനം കണ്ടത്. എന്നോടു പല കോൺഗ്രസ് നേതാക്കളും പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കാറുണ്ട്; കൺസൽറ്റ് ചെയ്യാറുണ്ട്. കോട്ടയം കലക്‌ടറായിരിക്കുമ്പോൾ കൈവരിച്ച നൂറു ശതമാനം സാക്ഷരതാ നേട്ടത്തെക്കുറിച്ചു രാഹുൽ ഗാന്ധി വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. രാഹുലിന്റെ മണ്ഡലത്തിൽ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അത്. പിന്നീടെന്തായി എന്നറിയില്ല.

∙ തിരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിൽനിന്നു പൂർണമായും വിടുകയാണോ?

അല്ല. ഞാൻ രാഷ്‌ട്രീയത്തിൽത്തന്നെയുണ്ട്. കൂടുതൽ വിശാലമായ ഒരു തലത്തിലേക്കു മാറാനാണ് ആഗ്രഹിക്കുന്നത്.

∙ അപ്പോൾ പാർലമെന്റ്...?

ഞാനൊരു ഇംഗ്ലീഷ് പ്രസംഗകനാണ്. സാമ്പത്തിക വിദഗ്‌ധനും അഭിഭാഷകനും ഭരണതന്ത്രജ്‌ഞനുമാണ്. അപ്പോൾ പാർലമെന്റും നല്ലതാണ്.

∙ രാജ്യസഭയിൽ നിലവിൽ ഒരു നോമിനേറ്റഡ് അംഗത്തിന്റെ ഒഴിവ് ഇപ്പോഴുണ്ട്?

ഞാൻ അങ്ങനെയൊരു സ്‌ഥാനം മുന്നിൽ കണ്ടുകൊണ്ടല്ല ഇപ്പോൾ നീങ്ങുന്നത്. ദേശീയ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കണമെന്നുണ്ട്. ലോക്‌സഭയിൽ പ്രവർത്തിക്കുകയാണു കൂടുതൽ താൽപ്പര്യം. ഞാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ആളാണ്. അത്തരമൊരാൾക്കു ലോക്‌സഭയല്ലേ നല്ലത്?

∙ ഇടതുപക്ഷവുമായി ആശയപരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഇല്ല, ഒരു പ്രശ്‌നവുമില്ലായിരുന്നു. സഹകരിച്ചുകൊണ്ടാണു മുന്നോട്ടു പോയത്.

∙ ഇടതുമന്ത്രിസഭയിൽ മന്ത്രിയാക്കുമെന്നു പ്രതീക്ഷിച്ചിരുന്നോ?

മന്ത്രിയാക്കണമായിരുന്നുവെന്നു ഞാനൊരിക്കലും പറയില്ല. എന്നെ ഉപയോഗിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ കൂടുതൽ കാര്യങ്ങൾ കേരളത്തിനുവേണ്ടി ചെയ്യാമായിരുന്നു. എൽഡിഎഫ് ആയിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ, അവർ തീരുമാനിക്കാതിരുന്നതു തെറ്റാണെന്നു ഞാൻ പറയില്ല.

∙ ഡൽഹിയിലേക്ക് എന്നു പോകും?

ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. ദേശീയവും രാജ്യാന്തരവുമായ പ്രവർത്തനപരിചയമുള്ള ആളാണു ഞാൻ. എന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ ആരെങ്കിലും സമീപിച്ചാൽ ആ കഴിവുകൾ വിട്ടുകൊടുക്കും. അങ്ങനെ പലരും ഇപ്പോൾ വിളിക്കുന്നുണ്ട്.

∙ രാഷ്‌ട്രീയ പാർട്ടികൾ വിളിക്കുന്നുണ്ടോ?

ഇതുവരെ ഇല്ല.

∙ അപ്പോൾ പിന്നെ എന്താണ് ഉദ്ദേശ്യം?

ഗ്രാമത്തിലെ ടീമിലും രാജ്യത്തിന്റെ ടീമിലും കളിക്കാൻ അവസരം കിട്ടിയാൽ നമ്മൾ എവിടെ കളിക്കും?

∙ അപ്പോൾ ദേശീയ ടീമിൽ അവസരം കിട്ടിയിട്ടുണ്ട്. ടീമിന്റെ ജേഴ്‌സി കളർ എന്താണ്?

അത് അടുത്ത കുറച്ചു ദിവസത്തിനുള്ളിൽ അറിയാം.

∙ എത്ര ദിവസം?

പത്തു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.