മൂന്നാറില്‍ സര്‍ക്കാരിനെയും റവന്യൂ വകുപ്പിനെയും വെല്ലുവിളിച്ച് കയ്യേറ്റവും അനധികൃത കെട്ടിട നിര്‍മാണങ്ങളും തുടരുന്നു. അവധി ദിനങ്ങള്‍ മുതലെടുത്ത് തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ തൊഴിലാളികളെ എത്തിച്ചാണ് റിസോര്‍ട്ട്, ഹോംസ്റ്റേ നിര്‍മാണം. നടപടിക്കൊരുങ്ങുന്ന റവന്യൂ ഉദ്യോഗസ്ഥരെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ഭൂമാഫിയയുടെ ശ്രമം.
ബക്രീദ് ദിനത്തില്‍ പാര്‍ട്ടി ഗ്രാമത്തിന് സമീപമുള്ള കോളനിയില്‍ നാലിടത്താണ് നിയമങ്ങള്‍ പാടേ ലംഘിച്ചുള്ള നിര്‍മാണം നടന്നത്. പൊലീസ് ക്യംപിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറിയായിരുന്നു ഒരു നിര്‍മാണം. കോളനിയിലെ താമസക്കാരായ മൂന്ന് പേരെ റവന്യൂ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു പിന്നീട് പൊലീസിന് കൈമാറി. നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു. ഇക്കാ നഗറിലെ ഹോട്ടലിന് മുകളില്‍ നടന്നിരുന്ന അനധികൃത നിര്‍മാണവും റവന്യൂ സംഘം തടഞ്ഞു. ഇതോടെ കെട്ടിട ഉടമയ്ക്ക് പിന്തുണയായി സിപിഎം നേതാക്കള്‍ രംഗതെത്തി. സിപിഎം ഏരിയാ സെക്രട്ടറി കെ.കെ. വിജയന്റെ നേതൃത്വത്തില്‍ നാല്‍പ്പതിലേറെ പ്രവര്‍ത്തകര്‍ റവന്യൂ സംഘത്തെ തടഞ്ഞു. അനുവാദമില്ലാതെ കെട്ടിടത്തില്‍ പ്രവേശിച്ചുവെന്നായിരുന്നു പരാതി.
ഒടുവില്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മുതലെടുത്താണ് മൂന്നാറില്‍ കയ്യേറ്റമാഫിയയുടെ പ്രവര്‍ത്തനം. റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്കിയ കെട്ടിടങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ അവധി ദിനങ്ങളില്‍ തീര്‍ക്കാനാണ് പദ്ധതി. ദേവികുളം സബ് കലക്ടര്‍ നിയോഗിച്ച പ്രത്യേക റവന്യൂ സംഘത്തെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഭൂമാഫിയയുടെ ലക്ഷ്യം.