സപ്ലൈകോയ്ക്ക് നല്‍കേണ്ട അരി മറിച്ചുവിറ്റ് കൊച്ചിയില്‍ സ്വകാര്യ മില്ലുകളുടെ തട്ടിപ്പ്. തിരിമറി തടയാന്‍ സ്വകാര്യ മില്ലുകളില്‍ വിജിലന്‍സ് പരിശോധന ഊര്‍ജിതമാക്കി. കാലടി കാഞ്ഞൂരില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ രണ്ടര ടണ്‍ അരി പിടികൂടി.
കര്‍ഷകരില്‍ നിന്നു സിവില്‍ സപ്ലൈസ് കോര്പറേഷന് ശേഖരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകള്‍ അരിയാക്കി തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ അരി സ്വന്തം പേരില്‍ മറിച്ചുവിറ്റാണ് സ്വകാര്യ അരിമില്ലുകള്‍ ഓണക്കാലത്ത് ലാഭം കൊയ്യുന്നത്. പകരം ആന്ധ്രയില്‍ നിന്നുള്ള നിലവാരം കുറഞ്ഞ അരി സിവില്‍ സപ്ലൈസിന് തിരികെ നല്‍കും. സ്വകാര്യ മില്ലുകള്‍ അരി മറിച്ചുവില്‍ക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
കാഞ്ഞൂരിനടുത്തുള്ള മില്ലില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം മറിച്ചുവില്‍ക്കാന്‍ വച്ചിരുന്ന രണ്ടായിരത്തി അഞ്ഞൂറ് കിലോ അരി പിടികൂടി. സിവില്‍ സപ്ലൈസിന് തിരിച്ചുനല്‍കാന്‍ 50 കിലോ വീതം നിറച്ച നാല്പത്തിയെട്ട് ചാക്കുകളും വിജിലന്‍സ് കണ്ടെത്തി. ചാക്കുകള്‍ കാലടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തിരിമറിയുമായി ബന്ധപ്പെട്ട് മില്‍ ഉടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.