കോഴി വില കുറഞ്ഞിട്ടും കോഴിക്കറിയുടെ വില കുറച്ചില്ലെന്ന പരാതിയുമായി കോഴി വ്യാപാരികളുടെ സംഘടന. കോഴിക്കറിയുടെ വില കുറയ്ക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഇടപെടുന്നില്ലെന്നാണ് സി.പി.എം അനുകൂല സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സിന്റെ പരാതി.
ഒരു കിലോ കോഴിയുടെ വില നൂറു രൂപയില്‍ താഴെയായിട്ടും എന്തുകൊണ്ട് കോഴിക്കറിയുടെ വില കുറച്ചില്ലെന്നാണ് ചോദ്യം. വിപണിയിലെ വിലയേക്കാള്‍ ഹോട്ടലുകള്ക്കാര്ക്ക് പത്തു രൂപ വരെ കുറച്ചാണ് കോഴി നല്‍കുന്നത്. എന്നിട്ടും, കോഴിക്കറിയുടെ വില കുറയ്ക്കാതെ ഹോട്ടലുകാര്‍ തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് കോഴി വ്യാപാരികളുടെ സംഘടന ആരോപിച്ചു. കോഴിയുടെ വില കുറച്ചാല്‍ കറിയുടെ വില കുറയ്ക്കുമെന്ന് ധനമന്ത്രിയുടെ യോഗത്തില്‍ ഉറപ്പുനല്‍കിയ ഹോട്ടലുകള്‍ ഇപ്പോള്‍ വാക്കുമാറിയെന്നാണ് കോഴി വ്യാപാരികളുടെ പരാതി.
കോഴിയുടെ വില 85 രൂപയാക്കിയില്ലെങ്കില്‍ കച്ചവടം തടയുമെന്ന് നേരത്തെ ധനമന്ത്രി നിലപാടെടുത്തിരുന്നു. ഇതിന്റെ പേരില്‍ കോഴി വ്യാപാരികള്‍ സമരവും നടത്തി. കോഴിക്കറിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാത്തതാണ് കോഴി വ്യാപാരികളെ ചൊടിപ്പിക്കുന്നത്. അടുത്ത ദിവസം മന്ത്രി തോമസ് ഐസക്കിനെ നേരില്‍ കണ്ട് ഈ പരാതി ഉന്നയിക്കും.