E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:49 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബ്രിട്ടനിൽ രണ്ടു മലയാളികൾ മരിച്ചത് 25 വർഷത്തെ ഏറ്റവും വലിയ ദുരന്തത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Nottingham-accident3
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടു മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ ബ്രിട്ടനിലെ മോട്ടോർവേ ദുരന്തം കഴിഞ്ഞ 25 വർഷത്തിനിടെ രാജ്യത്തുണ്ടായ റോഡപകടങ്ങളിൽ ഏറ്റവും വലുത്. മലയാളിയായ പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫും (ബെന്നി-50) കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് കുമാറും (28) ഉൾപ്പെടെ എട്ടുപേരാണു കഴിഞ്ഞദിവസം എം-1 മോട്ടോർവേയിൽ മിൽട്ടൺ കെയിൻസിനു സമീപം മിനിവാൻ കൂറ്റൻ ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. വിപ്രോ ഐടി കമ്പനിയിലെ നാല് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ നാലുപേർ ഇപ്പോഴും ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇവരിൽ അഞ്ചുവയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന വല്യമ്മ രക്ഷപ്പെട്ടെങ്കിലും ഇനിയും അപകടനില തരണം ചെയ്തട്ടില്ല.

ബ്രിട്ടിഷ് ട്രാൻസ്പോർട്ട് ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്രയും വലിയ അപകടം ഉണ്ടായത് 1993ലായിരുന്നു. അന്ന് 12 സ്കൂൾ വിദ്യാർഥികളും അവരുടെ ടീച്ചറുമായിരുന്നു ഒരു മിനിബസ് അപകടത്തിൽ എം-40 മോട്ടോർവേയിൽവച്ചു കൊല്ലപ്പെട്ടത്. ഇതിനുശേഷം ഇത്രയേറെയാളുകൾ ഒരുമിച്ചു മരിക്കുന്ന റോഡപകടം ബ്രിട്ടനിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെട്ട ഈ ദുരന്തം രണ്ടുദിവസമായി ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മുഖ്യവാർത്തയുമാണ്.

വാൻ ഉടമയും ഡ്രൈവറുമായിരുന്ന സിറിയക് ജോസഫിന്റെ മരണം രാവിലെതന്നെ മലയാളികൾ സ്ഥീരീകരിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് ഋഷി രാജീവും ദുരന്തത്തിൽ മരിച്ചകാര്യം ബ്രിട്ടനിലെ മലയാളികൾപോലും അറിയുന്നത്. ഇവർ ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനകളും മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ചുരുങ്ങിയതു രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണു കണക്കുകൂട്ടൽ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നു ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ വിപ്രോ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ന് ബ്രിട്ടനിൽ ‘ബാങ്ക് ഹോളിഡേ’ അവധിദിനമായതിനാൽ നാളെമുതലേ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കൂ. നോട്ടിങ്ങാം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിറിയക് ജോസഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, അപകടത്തിൽപെട്ട രണ്ട് ട്രക്ക് ഡ്രൈവർമാർക്കെതിരെയും കൊലക്കുറ്റത്തിനു കേസെടുത്തു പൊലീസ് അന്വേഷണ നടപടികൾ ആരംഭിച്ചു. ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റിസാർഡ് മസിയേറാ, (31) ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരാണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവർമാർ. അപകടം വരുത്തക്കവിധം വാഹനം ഓടിച്ചതുൾപ്പെടെ എട്ട് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ രണ്ടുപേരെയും ഇന്നു മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കും. ഫെഡെക്സ് കൊറിയർ സർവീസിന്റെയും എഐഎം ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെയും ലോറികളാണു സിറിയക് ജോസഫ് ഓടിച്ചിരുന്ന മിനി വാനുമായി കൂട്ടിയിടിച്ചു വൻ ദുരന്തമുണ്ടായത്. യഥാർഥത്തിൽ അപകടം നടന്നത് എങ്ങനെയെന്നു പൊലീസിന് ഇനിയും വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 11ന് മിൽട്ടൺ കെയിൻസ് മജിസ്ട്രേട്ട് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കും.

അപകടത്തിൽ മരിച്ച നോട്ടിങ്ങാം സ്വദേശികളായ സിറിയക് ജോസഫിനും ഋഷി രാജീവിനും വേണ്ടി നോട്ടിങ്ങാം സെന്റ് പോൾസ് പള്ളിയിൽ ഇന്നലെ രാവിലെ പ്രത്യേക പ്രാർഥനകളും വിശുദ്ധ കുർബാനയും നടന്നു. നോട്ടിങ്ങാമിലെ സിറോ മലബാർ മാസ് സെന്ററിലെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നക്കാട്ടിന്റെ കാർമികത്വത്തിലായിരുന്നു പ്രാർഥനാ ശുശ്രൂഷകൾ. സിറിയക് ജോസഫിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. നോട്ടിങ്ങാം സിറോ മലബാർ പാരീഷ് കമ്മിറ്റിയുടെ ആദ്യകാല അംഗമായിരുന്ന സിറിയക് ജോസഫ് മാസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ആത്മീയ കാര്യങ്ങളുടെ ഏകോപനത്തിനും എറെ പ്രയത്നിച്ചവരിൽ ഒരാളായിരുന്നു.

രാഷ്ട്രീയത്തിലും കലാ സാംസ്കാരക രംഗങ്ങളിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന ബെന്നിച്ചേട്ടൻ എന്ന സിറിയക് ജോസഫിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും നോട്ടിങ്ങാമിലെ മലയാളി സമൂഹത്തിന് ആയിട്ടില്ല. മലയാളി കൂട്ടായ്മകൾക്ക് ഏറെ സുപരിചിതനല്ലെങ്കിലും ഋഷി രാജീവിന്റെ വിയോഗവും നോട്ടിങ്ങാമിനു താങ്ങാനാവാത്ത ദു:ഖമായി.

പതിവിനു വിരുദ്ധമായി സമൂഹമാധ്യമങ്ങളെല്ലാം ഇന്നലെ ബ്രിട്ടനിലെ ദുരന്തവാർത്തകൾകൊണ്ടു നിറഞ്ഞു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പിഞ്ചുബാലികയുടെ വാർത്തയും, ചിരിയും സ്നേഹവും മാത്രം കൈമുതലായുള്ള ബെന്നിയുടെ വിയോഗവും, അന്യനാട്ടിൽ വച്ചുള്ള ഋഷിയുടെ അകാലമൃത്യുമെല്ലാം ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവച്ചു സ്നേഹിതർ ദുഃഖത്തിന്റെ ഭാരമിറക്കിവച്ചു.

കാർത്തികേയൻ രാമസബ്രഹ്മണ്യം, വിവേക് ഭാസ്കരൻ, എന്നിവരാണ് ഋഷിയ്ക്കൊപ്പം മരിച്ച വിപ്രോയിലെ മറ്റ് എൻജിനീയർമാർ. മനോരഞ്ജൻ പനീർശെൽവം എന്ന മറ്റൊരു എൻജിനീയർ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ചെന്നൈ സ്വദേശികളായ ഇവരുടെ കുടുംബാംഗങ്ങളാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. പരുക്കേറ്റ മറ്റു നാലുപേരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.