ആറ്റിങ്ങൽ∙ ട്രാഫിക് ലംഘനങ്ങൾ പിടികൂടാൻ ആർടി ഓഫിസിന് ആധുനിക ഡിവിആർ ക്യാമറ ഘടിപ്പിച്ച നിരീക്ഷണവാഹനം എത്തി. 180 ഡിഗ്രിയിൽ ഫോട്ടോകൾ എടുക്കാൻ കഴിയുന്ന ക്യാമറയാണിതിൽ. അനധികൃത പാർക്കിങ്, മൊബൈൽഫോൺ ഉപയോഗം, അലക്ഷ്യഡ്രൈവിങ് എന്നിവ കൃത്യമായി രേഖപ്പെടുത്താൻ ഇതിലൂടെയാകും.
എസ്എംഎസ്, ഇമെയിൽ എന്നിവയിലൂടെ ഇത്തരം നിയമലംഘനങ്ങൾ സംബന്ധിച്ചു നോട്ടീസ് ഉടമയ്ക്കു കൈമാറും. ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഈമാസം 64 പേരുടെ ലൈസൻസ് അയോഗ്യമാക്കി. മൊബൈൽഫോൺ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, ചുവപ്പ് സിഗ്നൽ ലൈറ്റ് മറികടക്കൽ, ഓവർലോഡ്, സീറ്റ്ബെൽറ്റും ഹെൽമറ്റും ധരിക്കാതിരിക്കൽ എന്നിവയ്ക്കെതിരെയാണു നടപടിയെന്ന് ആർടിഒ വി.സജിത്ത് അറിയിച്ചു.
വിവിധ സേവനങ്ങൾക്കായി 19വരെ അപേക്ഷിച്ചിരുന്നവർക്കു നടപടകൾ പൂർത്തീകരിച്ചു തപാൽവഴി അയച്ചിട്ടുണ്ട്. കിട്ടാതെയുള്ളവർ ഫീസ് അടച്ച രസീതും അനുബന്ധരേഖകളുമായി ഓഫിസിൽ ബന്ധപ്പെടണം. ഓൺലൈൻ സേവന മേഖലകൾ സംബന്ധിച്ച് അക്ഷയസംരഭകർക്ക് ഇന്നു രണ്ടുമണിക്ക് ഓഫിസിൽ പരിശീലനം നൽകും.