പി.വി.അൻവര്‍ എംഎല്‍എയുടെ പാർക്കിന്റെ അനുമതി പുനഃപരിശോധിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിക്ക് കെപിസിസി നിര്‍ദേശം. പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണസമിതി അംഗങ്ങളെയും രഹസ്യമായി വിളിച്ചുവരുത്തിയാണ് നിര്‍ദേശം നല്‍കിയത്. ലൈസൻസ് നൽകിയ ശേഷം വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫും സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി പത്തരമണിയോടെയാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ രഹസ്യയോഗം നടന്നത്. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ കൂടരഞ്ഞി പഞ്ചായത്ത് അംഗങ്ങളെയും പ്രസിഡന്റിനെയും നേരിട്ട് വിളിച്ചുവരുത്തി കൈപിസിസിയുടെ നിലപാടറിയിച്ചു.ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖും യോഗത്തിൽ പങ്കെടുത്തു. പാർക്കിന്റെ അനുമതി നിയമപരമെന്ന നിലപാടിൽ പഞ്ചായത്തും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഉറച്ചു നിന്നു. എന്നാൽ അൻവർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന വാദത്തിൽ കെപിസിസിയും പിന്നോട്ട് പോയില്ല,രേഖകൾ പുനപരിശോധിക്കാൻ കെപിസിസി പ്രസിഡന്റ് പഞ്ചായത്ത് ഭരണസമിതിക്ക് നിർദേശം നൽകി
അനുമതി പുനപരിശോധിക്കാനുള്ള കെപിസിസി നിർദേശം അനുസരിക്കുമെന്നും അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ് സ്ഥിരീകരിച്ചു
കെപിസിസിയെ ധിക്കരിച്ചാൽ നടപടിയുണ്ടാകുമെന്ന് അംഗങ്ങൾക്കും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റ് താക്കീത് നൽകിയിട്ടുണ്ട്