ഓണമുണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിയ്ക്കെ എത്തക്കയ്ക്കും വെളിച്ചെണ്ണയ്ക്കും വില റോക്കറ്റ് പോലെ കുതിയ്ക്കുകയാണ്. ഇതോടെ ഓണത്തിന് ഉപ്പേരിവില കൈപൊള്ളിക്കുമെന്ന് ഉറപ്പായി. ഏത്തയ്ക്ക വില അറുപത്തഞ്ചും വെളിച്ചെണ്ണ വില 160 ഉം കടന്നു കഴിഞ്ഞു. കഴിഞ്ഞ മാസം, 130 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഒറ്റയടിയ്ക്കാണ് മുപ്പത് രൂപ കൂടിയത്. ഓണം മുന്നില്‍ കണ്ട് ഉല്‍പ്പാദനം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത്തവണ ഉപ്പേരികളുടെ വില പോക്കറ്റിന് താങ്ങാവുന്നതിലും അപ്പുറമാകും.
ഒരു കിലോ ഏത്തയ്ക്ക് ഉപ്പേരിയ്ക്ക് 330 രൂപയാണ് നിലവിലെ വില. ശര്‍ക്കര ഉപ്പേരിയ്ക്കും അതു തന്നെ. എന്നാല്‍ ഏത്തയ്ക്കയുടേയും വെളിച്ചെണ്ണയുേടയും വില ഇങ്ങനെ കൂടിയാല്‍ ഓണമെത്തുമ്പോൾ ഉപ്പേരിയുടെ വില നാനൂറ് കടന്നേയ്ക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.