തിരുവനന്തപുരം വർക്കലയിൽ കോളജ് വിദ്യാർഥികൾ ഓടിച്ചിരുന്ന കാറിടിച്ച് അതേ കോളജിലെ വിദ്യാർഥിനി മരിച്ചു. ചാവർകോട് സി.എച്ച്.എം.എം കോളജിലെ എം.സി.എ വിദ്യാർഥിനി മീര മോഹനാണ് മരിച്ചത്. അഞ്ച് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
വർക്കല ചാവർകോട് സി.എച്ച് എം.എം. കോളജിൽ ഇന്നലെ നവാഗതരെ സ്വീകരിക്കാനുള്ള ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളായിരുന്നു. അതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. കോളജ് കാംപസിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ റോഡിലായിരുന്നു അപകടം. അവസാന വർഷ എം.സി.എ വിദ്യാർഥിനിയും കടയ്ക്കാവൂർ സ്വദേശിനിയുമായ മീര മോഹൻ സ്കൂട്ടറിൽ കോളജിലേക്ക് വരുന്നതിനിടെ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു. കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിലായിരുന്നൂവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഗുരുതരമായി പരുക്കേറ്റ മീരയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. കാർ ഓടിച്ചിരുന്ന ബികോം വിദ്യാർഥി അഫ്സൽ മുഹമ്മദടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. വിദ്യാർഥികൾ മദ്യപിച്ചിരുന്നില്ലെന്നും മറ്റ് സംശയങ്ങളൊന്നും സംഭവത്തിന് പിന്നിലില്ലെന്നും അയിരൂർ പൊലീസ് അറിയിച്ചു.