രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിനു മേല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദം. സോഷ്യലിസ്റ്റ് ജനത പുനരുജീവിപ്പിയ്ക്കുകയോ, കേരളഘടകം പ്രത്യേകം യൂണിറ്റായി നില്‍ക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ യുഡിഎഫില്‍ തന്നെ തുടരണമെന്നാണ് കെ.പി. മോഹനനടക്കമുള്ള മറുപക്ഷത്തിന്റെ വാദം.
സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള ശ്രമമാണ് ഈ സമ്മര്‍ദ്ദ തന്ത്രം. എന്നാല്‍ ശരത് യാദവിനൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രാജ്യസഭാ അംഗത്വം നിലനിര്‍ത്താന്‍ സഹായിയ്ക്കാമെന്ന നിതീഷ് കുമാറിന്റെ ഒാഫര്‍ സ്വീകരിച്ച് യുഡിഎഫില്‍ തുടരണമെന്നാണ് മുന്‍ മന്ത്രി കെ.പി മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്. ശരത് യാദവിന് പിന്തുണ നല്കാതിരുന്നാല് സഹായിയ്ക്കാമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ വീരേന്ദ്രകുമാറിനെ ദല്ലാള്‍ മുഖേന അറിയിക്കുകയായിരുന്നു.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരുന്നാല്‍ രാജ്യസഭാവോട്ടെടുപ്പിനിടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെടും.
ശരത് യാദവുമായി ഒന്നിച്ചു പോകാന്‍ ധാരണയില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ ഷെയ്ഖ് പി. ഹാരിസും വര്‍ഗീസ് ജോണുമടക്കമുള്ളവര് അടുത്ത ദിവസം ഡല്‍ഹിയില്‍ ശരത് യാദവുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയോടെ വീരനും കൂട്ടരും എങ്ങോട്ട് എന്ന കാര്യത്തില്‍ ഒരു ചിത്രം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ