ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ബിലീവേഴ്സ് ചര്‍ച്ച്. നിയമാനുസൃതം നികുതിയടച്ച് രജിസ്റ്റര്‍ ചെയ്ത ഭൂമി സര്‍ക്കാരിന്റേതാണെന്ന വാദം അംഗീകരിക്കാനാകില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിലുള്ള കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസംതന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ തീരുമാനം.
വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് ഈ മാസം ഏഴിനാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ബിലീവേഴ്സ് ചര്‍ച്ച് കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. എം.ജി.രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയിലുള്ള കേസ് ഡിവിഷന് ബെഞ്ചിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
2005ല്‍ എട്ടുകോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയടച്ചാണ് എസ്റ്റേറ്റ് രജിസ്റ്റര്‍ ചെയ്തത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിനെതിരെ എം.ജി.രാജമാണിക്യം നല്കിയ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സഭ മുടക്കിയ പണം തിരികെ ലഭിച്ചാല്‍ എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ തയാറാണെന്നും സഭാ അധികൃതര്‍ വ്യക്തമാക്കുന്നു.