ദിലീപ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വനിതാ കമ്മിഷൻ തന്റെ മൂക്ക് ചെത്താൻ ഇറങ്ങിയിരിക്കുകയാണെന്നും തന്റെ നേരെ വന്നാൽ മൂക്ക് മാത്രമല്ല മറ്റു പലതും വരുന്നവർക്ക് നഷ്ടമാകുമെന്നും പി.സി.ജോർജ് എംഎൽഎ.
മൈനാഗപ്പള്ളിയിൽ നടത്തിയ വൈ.കമറുദീൻ ഫൗണ്ടേഷൻ വാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു കെട്ടിവച്ച കാശു നഷ്ടമായവരെ കുടിയിരുത്താനുള്ള സ്ഥലമായി വനിതാ കമ്മിഷൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. നിയമബോധവും വിദ്യാഭ്യാസവുമുള്ളവരെ മാത്രം ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കണം.
വിദ്യാഭ്യാസ ധനസഹായം കോവൂർ കുഞ്ഞുമോൻ എംഎൽഎയും പ്രതിഭാ പുരസ്കാരം ജില്ലാ പഞ്ചായത്തംഗം ശ്രീലേഖ വേണുഗോപാലും സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് വൈദ്യനും വിതരണം ചെയ്തു.രവി മൈനാഗപ്പള്ളി അനുസ്മരണ സന്ദേശം നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് എ.എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ആർ.രമേശ്കുമാർ, പരമേശ്വരൻ പിള്ള, പഞ്ചായത്തംഗങ്ങളായ ടി.മോഹനൻ, നജീബ്, അമ്പിളി, പുഷ്പ, ലതാകുമാരി എന്നിവർ പ്രസംഗിച്ചു.