എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ സ്കൂളിന്റെ മുദ്രയ്ക്കു പകരം സ്കൂൾ സഹകരണ സ്റ്റോറിന്റെ മുദ്ര പതിപ്പിച്ചതിനെ തുടർന്ന് എടവണ്ണപ്പാറ ചാലിയപ്രം ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. ചാലിയപ്രം ഗവ. യുപി സ്കൂൾ ആർഎംഎസ്എ പ്രകാരം ഹൈസ്കൂൾ ആക്കി ഉയർത്തിയ ശേഷമുള്ള ആദ്യ എസ്എസ്എൽസി ബാച്ചിന്റെ സർട്ടിഫിക്കറ്റുകളിലാണ് അബദ്ധം പറ്റിയത്. ചാലിയപ്രം ജിയുപി സ്കൂൾ കോ–ഓപ്പറേറ്റിവ് സൊസൈറ്റി എന്ന മുദ്രയാണ് സർട്ടിഫിക്കറ്റുകളിലുള്ളത്.
സർട്ടിഫിക്കറ്റിന് സാധുത ഇല്ലാതാകുന്നത് വിദ്യാർഥികളെ ബാധിക്കുമെന്നും സ്കൂൾ അധികൃതർ ഇടപെട്ട് മാറ്റിനൽകണമെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ, 50 വിദ്യാർഥികളിൽ 45 പേരുടെയും സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ നടപടി സ്വീകരിച്ചിരുന്നെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന സൂചന. അഞ്ചുപേർ എത്തിയിരുന്നില്ലെന്നും അവർ പറയുന്നു.
Advertisement