കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ സംവിധായകൻ വൈശാഖ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബ്ബിൽവച്ച് വൈശാഖിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. ദിലീപ് അഭിനയിച്ച ‘സൗണ്ട് തോമ’യുടെ സംവിധായകനായിരുന്നു വൈശാഖ്. ഈ സിനിമയുടെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുന്നതിനാണ് വൈശാഖിനെ വിളിച്ചതെന്നാണ് സൂചന.
അതേസമയം, കേസിൽ ദിലീപ് ഇന്നു വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. അന്വേഷണം അവസാനിക്കാറായ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കുന്നത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ദിലീപ് ജയിലിലായിട്ട് ഒരു മാസം തികയുകയാണ് ഇന്ന്.