ഏഴാംവയസില്‍ കാണാതായ പിഞ്ചുമകനെയോര്ത്ത് തേങ്ങുകയാണ് ആലപ്പുഴയിലെ രാഹുലിന്റെ കുടുംബം. 2005 മെയ് 18നാണ് വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുലിനെ കാണാതായത്. സിബിഐ പോലും തോറ്റുപോയെങ്കിലും, മകനെക്കുറിച്ചുള്ള അന്വേഷണം രാഹുലിന്റെ മാതാപിതാക്കള്‍ ഇപ്പോഴും തുടരുകയാണ്.
രാഹുലിന്റെ വീട്ടിലേക്കുള്ള വഴി കാട്ടിത്തരാന്‍ ആളുണ്ട്, രാഹുല്‍ പോയ വഴിയാണ് ആര്‍ക്കും അറിയാത്തത്. നീണ്ട പന്ത്രണ്ട് വര്‍ഷമായി ഈ പൊന്നോമനയെ കാത്ത് ഒരു കുടുംബം കാത്തിരിക്കുന്നു. കുടുംബം മാത്രമല്ല രാഹുലിന്റെ തിരോദാനത്തെക്കുറിച്ച് കേട്ടറിഞ്ഞവരെല്ലാം.
അമ്മ മിനി ഒരു വ്യാഴവട്ടക്കാലമായി നീറിപ്പുകയുന്നത് അവനെയോര്‍ത്താണ്. ഊണുകഴിഞ്ഞ് കളിക്കാനായി തൊട്ടടുത്ത പറമ്പിലേക്ക് ഒാടിപ്പോയ മകനെ പിന്നെ കണ്ടിട്ടില്ല. ഈ പൈപ്പില്‍ നിന്ന് അവന് വെള്ളം കുടിച്ചത് കണ്ടവരുണ്ട്. പിന്നെ എങ്ങോട്ടുപോയി എന്ന് ആര്‍ക്കും അറിയില്ല. ഇന്നിപ്പോള്‍ വയസ് 19 കഴിഞ്ഞിട്ടുണ്ടാകും. നാടിന്റെ പലദിക്കിലും കുഞ്ഞുങ്ങളെ കാണാതായി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഈ അമ്മയുടെ നെഞ്ച് പിടയുകയാണ്
ലോക്കല്‍ പൊലീസും ക്രൈബ്രാഞ്ചും പിന്നെ സിബിഐയും അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല. ഇപ്പോള്‍ അന്വേഷണമേ നിലച്ചു. കിംവദന്തികളുടെ പേരില്‍ മണ്ണുമാന്തിയും നാടുചുറ്റിയും നീണ്ട എത്രയോ വര്‍ഷങ്ങള്‍.രാഹുല്‍ നിവാസിന്റെ ഗേറ്റ് മെല്ലെയടയ്ക്കുമ്പോഴും ഈ അമ്മ കാത്തിരിക്കുന്നുണ്ട് മതിലുചാടിക്കടന്ന് വരുന്ന മീശമുളച്ച മകനെ, അമ്മേ എന്ന വിളികേള്‍ക്കാന്‍.