ഹൈക്കോടതി വിധി അനുകൂലമായതോടെ നഷ്ടപ്പെട്ട ക്രിക്കറ്റ് കരിയര്‍ ശ്രീശാന്ത് തിരിച്ചു പിടിക്കുമെന്നാണ് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. ബിസിസിഐ വിലക്ക് റദ്ദാക്കിക്കൊണ്ടുളള ഹൈക്കോടതി വിധി വലിയ സന്തോഷത്തോടെയാണ് കൊച്ചിയില്‍ ശ്രീശാന്തിന്റെ കുടുംബാംഗങ്ങളും സ്വീകരിച്ചത്.
ഹൈക്കോടതിയില്‍ നിന്നിറങ്ങിയ ശ്രീശാന്ത് ആദ്യം പോയത് കലൂര്‍ സെന്റ് ആന്റണീസ് പളളിയില്‍.പുണ്യാളന് മുന്നില്‍ മെഴുകുതിരി കൊളുത്തി പ്രാര്‍ഥന. അവിടെ നിന്ന് കൊച്ചി അഞ്ചുമനയിലെ വീട്ടിലേക്ക് വന്നിറങ്ങിയ ശ്രീയ്ക്ക് മധുര ചുംബനവുമായി അമ്മ കാത്തിരിപ്പുണ്ടായിരുന്നു. ശ്രീ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അമ്മയ്ക്കും ഭാര്യ ഭുവനേശ്വരിക്കും സംശയം തെല്ലുമില്ല
വീട്ടില്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം ശ്രീ നേരെ പോയത് വീട്ടിനുളളില്‍ തന്നെ സജ്ജീകരിച്ചിട്ടുളള നെറ്റ്സിലേക്ക്.മകള്‍ ശ്രീ സാന്‍വിക എറിഞ്ഞ പന്തു തട്ടിക്കൊണ്ട് ക്രിക്കറ്റ് കരിയറിലെ തന്റെ രണ്ടാമിന്നിങ്സിന് ശ്രീശാന്ത് തുടക്കമിട്ടു.