നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ വാട്ടർ തീംപാർക്കിന് അനുമതി കൊടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ അന്യായ ഇടപെടൽ. ലൈസൻസില്ലാതെ പ്രവർത്തനം തുടങ്ങിയ പാർക്കിന് പിന്നീട് താൽകാലിക ലൈസൻസ് അനുവദിക്കാനാണ് നിയമവിരുദ്ധമായി ഇടപെട്ടത്.
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ മലയിൽ വാട്ടർതീംപാർക്ക് പ്രവർത്തനം തുടങ്ങിയത് അനുമതിയില്ലാതെയാണ്,പിന്നീട് പിഴയടച്ച് താൽകാലിക ലൈസൻസ് നേടുകയായിരുന്നു, പാർക്കിന് ലൈസൻസ് നൽകുന്നതിന് വിശദമായ പരിശോധനകൾ ആവശ്യമാണെന്ന പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ട് കാറ്റിൽ പറത്തിയാണ് ഇപ്പോൾ താൽകാലിക അനുമതി നൽകിയിരിക്കുന്നത്. ഒരു കെട്ടിടത്തിന് മാത്രം അനുവദിച്ച ഫയർസേഫ്റ്റി ലൈസൻസ് ഉപയോഗിച്ച് നിരവധി അനധികൃത നിർമ്മാണങ്ങൾ പാർക്കിൽ നടത്തിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും ലഭിച്ചിട്ടില്ല. പാർക്കിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനിൽക്കുന്നുണ്ട്.ആരോപണങ്ങൾ പിവി അൻവർ എംഎൽഎ നിഷേധിച്ചു.