സുപ്രീംകോടതി വിമര്‍ശനത്തെ തുടര്‍ന്ന് അബ്ദുല്‍ നാസര്‍ മഅദനിയുടെ സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ട തുക കര്‍ണാടക വെട്ടിക്കുറച്ചു. പതിനഞ്ച് ലക്ഷം രൂപയ്ക്ക് പകരം ഒരുലക്ഷത്തി പതിനെണ്ണായിരം രൂപ മഅദനി നല്കിയാല് മതി. മഅദനിയുടെ യാത്രാ തീയതിയും കോടതി പുതുക്കി നിശ്ചയിച്ചു. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടികുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം കോടതി തളളി.
മഅദനി വിഷയം കോടതി പരിഗണനക്കെടുത്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യാത്രാചെലവായി ഒരുലക്ഷത്തി പതിനെണ്ണായിരം രൂപയുടെ പുതിയ കണക്ക് കര്‍ണാടക സമര്‍പ്പിച്ചു. ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച് ഈ തുക അംഗീകരിക്കുകയായിരുന്നു. സുരക്ഷാചെലവായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടകത്തിന്റെ നടപടിയെ കോടതി ഇന്നലെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
മഅദനി കഴിഞ്ഞതവണ കേരളത്തിലെത്തിയപ്പോള്‍ നാല് സുരക്ഷാഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പത്തൊന്‍പത് സുരക്ഷാഭടന്മാരെ നിയമിച്ച നടപടി പുന:പരിശോധിക്കണമെന്ന് മഅദനിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സുരക്ഷയുടെ ഉത്തരവാദിത്തം കര്‍ണാടക സര്‍ക്കാരിന് മാത്രമാണെന്ന് കോടതി ഇന്നലെ വ്യക്തത വരുത്തിയിരുന്നു.