നാടിനൊപ്പം ചിത്രയുടെ വീടുംകാത്തിരുന്നൊരു ശുഭവാര്‍ത്തയാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ചിത്രയോട് അധികൃതര്‍ കാട്ടിയ അവഗണയുടെ നൊമ്പരം സന്തോഷത്തിന് വഴിമാറിയ കാഴ്ചയായിരുന്നു പാലക്കാട് മുണ്ടൂരിലെ ചിത്രയുടെ വീട്ടില്‍.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആശ്വാസമായി കോടതിവിധിയെത്തിയപ്പോള് സന്തോഷം പങ്കുവച്ച് ചിത്ര ആദ്യം വിളിച്ചത് അമ്മയെയായിരുന്നു. വിധിയറിയാന്‍ പാലക്കാട് മുണ്ടൂരിലെ വീട്ടില്‍ പണിക്ക് പോലും പോകാതെ ടി.വിക്ക് മുന്നിലായിരുന്നു ചിത്രയുടെ മാതാപിതാക്കള്‍. വിധി അനുകൂലമായതോടെ സന്തോഷം. അര്‍ഹതയുണ്ടായിട്ടും അവഗണിച്ചതിന്റെ വേദന.
ഇനിയൊരു താരത്തിനും ഈ അവസ്ഥ ഉണ്ടാവരുതെന്ന് പറഞ്ഞ അമ്മ ജനങ്ങളും മാധ്യമങ്ങളും ഒപ്പം നിന്നതിന്റെ സന്തോഷം പങ്കുവച്ചു. ഇന്ത്യന്‍ ടീം വിദേശത്തേക്ക് തിരിച്ചെങ്കിലും ചിത്രക്കും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം