ദിലീപിന് ഹൈക്കോടതിയിലും ജാമ്യമില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപൂര്‍വവും ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യമാണ് നടന്നത്. ഇതിനുപിന്നില്‍ സൂക്ഷ്മമായ ആസൂത്രണവും ഉണ്ട്. ഗൂഢാലോചനയിലെ പങ്കാളിത്തം തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ല എന്നതായിരുന്നു ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ പ്രധാനവാദം. ഇത് അപ്പാടെ നിരാകരിച്ച കോടതി, കുറ്റകൃത്യത്തില്‍ ദിലിപിനുള്ള പങ്ക് കേസ് ഡയറിയില്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി. ഗൂഢാലോചനയിലും ആസൂത്രണത്തിലും ദിലിപീന് പങ്കാളിത്തമുണ്ട്. ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകള്‍ ഉണ്ടാകില്ല. സാഹചര്യത്തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞു.
ജാമ്യഹര്‍ജി തള്ളിയതിനേക്കാള്‍ ദിലീപിനെ വെട്ടിലാക്കുന്നത് വിധിന്യായത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളാണ്. അപൂര്‍വവും ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യമാണ് നടിക്കെതിരെ ഉണ്ടായതെന്ന വിലയിരുത്തല്‍ കേസിന്റെ മുന്നോട്ടുള്ള വഴിയിലും സുപ്രധാനമാകും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയോ അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയശേഷം വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയോ ആണ് ദിലീപിന് മുന്നില്‍ ഇനിയുള്ള വഴി.