ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഇന്‍ക്ലുസിവ് എജ്യൂക്കേഷന്‍ പദ്ധതി താളം തെറ്റുന്നു മിക്ക സ്കൂളുകളിലും അധ്യാപകരില്ലാത്തതിനാലാണ് പദ്ധതി മുടങ്ങുന്നത്. എസ്എസ്എയ്ക്കാണ് നടത്തിപ്പ് ചുമതല.
അവസാന പ്രതീക്ഷയുമായാണ് ഈ അമ്മ സ്വന്തം കുഞ്ഞിനെയും കൊണ്ട് പൈങ്ങോട്ടൂര്‍ ജിഎല്‍പി സ്കൂളിനെ സമീപിച്ചത്. കുറഞ്ഞ വൈകല്യമുള്ള ഭിന്നശേഷി കുട്ടികളെ സാധാരണ കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കുന്ന പദ്ധതി കേട്ടറിഞ്ഞാണ് രേഖയെത്തിയത്. എന്നാല്‍ പ്രവേശനം സാധ്യമല്ലെന്ന് പറഞ്ഞു സ്കൂള്‍ അധികൃതര്‍ കൈമലര്‍ത്തി. ഇത്തരം കുട്ടികളെ കൂടി നോക്കാന്‍ വേണ്ടത്ര അധ്യാപകരില്ലാത്തതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്ത് ഒട്ടേറെ കുട്ടികള്‍ക്ക് ഇത്തരത്തില്‍ പഠനാവസരം നിഷേധിയ്ക്കുന്നതായാണ് പരാതി. അന്‍പത് ശതമാനമോ അതില്‍ കുറവോ ഭിന്നശേഷി ഉള്ള കുട്ടികളെ സാധാരണ സ്കൂളില്‍ പഠിപ്പിയ്ക്കാമെന്നാണ് എസ്എസ്എ പറയുന്നത്. ഇതിനായി രൂപം നല്കിയ ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ പദ്ധതി കടലാസില്‍ ഉറങ്ങുകയാണ്.