ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിലപാട് കടുപ്പിച്ച് ബിലീവേഴ്സ് ചര്‍ച്ച്. സഭയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ വിമാനത്താവള പദ്ധതിയെ പിന്തുണയ്ക്കും. നിലപാട് പ്രതികൂലമാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം.
പി.എച്ച്.കുര്യന് ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം . 2263 ഏക്കറുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കം. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന ഭൂമി 2005ലാണ് ബിലീവേഴ്സ് ചര്‍ച്ച് വാങ്ങുന്നത്. ഈ ഇടപാട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഭൂമി സര്‍ക്കാരിന്റേതാണെന്നും 2015ല്‍ എ.രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെതിരെ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. വിലകൊടുത്ത് എസ്റ്റേറ്റ് ഏറ്റെടുത്താല്‍ കോടതില്‍ കേസ് തോറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് വാദം ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് നിയമപരമായ നിലപാട് സ്വീകരിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്.
എ.രാജമാണിക്യം നല്കിയ റിപ്പോര്‍ട്ട് അസാധുവാണെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എ.രാജമാണിക്യം റിപ്പോര്‍ട്ട് തയാറാക്കിയത് തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നും സഭാ നേതൃത്വം പറയുന്നു.