കോഴിക്കോട് മെഡിക്കല്‍ കോളജിലെ സി.ടി സ്കാന്‍ മെഷിന് പ്രവര്‍ത്തനരഹിതമായിട്ട് ഒരാഴ്ച കഴിഞ്ഞു. നിര്‍ധനരായ രോഗികള്‍ക്കുള്‍പ്പെടെ ആയിരങ്ങള്‍ നല്കി സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. മെഷിന് പഴയ നിലയിലാക്കാന്‍ രണ്ടാഴ്ചയിലധികം വേണമെന്നാണ് അധികൃതര്‍ പറയുന്നത്.
നൂറ്റി അന്‍പത് രൂപ കൈയ്യില്‍ കരുതി അഞ്ചാം വാര്‍ഡിലെത്തിയ സുജാത അമ്പരന്നു. അബോധാവസ്ഥയിലുള്ള ഭര്‍ത്താവ് കുഞ്ഞമ്പുവിന്റെ രോഗവിവരമറിയാന്‍ നൂറ്റമ്പത് പോര അയ്യായിരം വേണം. മെഡിക്കല്‍ കോളജിലെ സി.ടി സ്കാന്‍ നിശ്ചലമായതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനമറിയാന്‍ പുറത്തെ സെന്ററിനെ ആശ്രയിക്കണമെന്ന് ഡോക്ടറുടെ നിര്‍ദേശം.
കേടായ മെഷീന് പഴയനിലയിലെത്തിക്കണമെങ്കില് ജര്‍മനിയില്‍ നിന്ന് ആളുവരണമെന്ന് ജീവനക്കാരിയുടെ മറുപടി. രണ്ടാഴ്ച കാത്തിരിക്കണം. തെങ്ങില്‍ നിന്ന് വീണ് വര്‍ഷങ്ങളായി കിടപ്പിലായ വയനാട് സ്വദേശി കുഞ്ഞമ്പുവിന്റെ കുടുംബത്തിന് ഇത് താങ്ങാവുന്നതായിരുന്നില്ല. മറ്റ് മാര്‍ഗമില്ലാതെ കുഞ്ഞമ്പുവിനെ വാര്‍ഡിലേയ്ക്ക് തിരികെയെത്തിച്ചു.
അപകടത്തില്പ്പെട്ടെത്തുന്ന രോഗികളുള്‍പ്പെടെ രാപകല്‍ വ്യത്യാസമില്ലാതെ പൂര്‍ണമായും സ്വകാര്യ സി.ടി സെന്ററിനെയാണ് ആശ്രയിക്കുന്നത്. പകരം സംവിധാനം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കായിട്ടില്ല.