സബ് ജയിലിലെ ആദ്യരാത്രി നടൻ ദിലീപിനു കൊതുകുകടിയുടേതായിരുന്നെങ്കിൽ രണ്ടാംവരവിലെ ആദ്യ ദിനമായ ഇന്നലെ ഭക്ഷണമില്ലാത്ത രാത്രിയായിരുന്നു. വൈകിട്ട് 5.35നാണ് ദിലീപിനെ സബ് ജയിലിൽ എത്തിച്ചത്. എന്നാൽ, അതിനു മുൻപേ ആട്ടിറിച്ചി കൂട്ടിയുള്ള അത്താഴം കഴിഞ്ഞിരുന്നു. ജയിലിൽ തടവുകാർക്ക് അഞ്ചുമണിക്കാണ് രാത്രി ഭക്ഷണം നൽകുന്നത്.
റേഷൻ എന്ന് അറിയപ്പെടുന്ന ഭക്ഷണത്തിനുള്ള കണക്കെടുപ്പ് പക്ഷെ, നാലിനു നടത്തും. ആ സമയത്തു ദിലീപിന് ജയിലിൽ ഇല്ലാതിരുന്നതാണ് അത്താഴം മുടങ്ങാൻ കാരണം. ഓരോരുത്തർക്കുമുള്ള ഭക്ഷണത്തിന് കൃത്യമായ തൂക്കമുള്ളതിനാൽ ബാക്കി വരുന്ന പതിവില്ല. സെല്ലിലെ തടവുകാരിലൊരാൾ കഴിക്കാൻ വൈകിയ ഭക്ഷണം പങ്കുവയ്ക്കാൻ തയാറായെങ്കിലും നടൻ അത് നിരസിച്ചുവെന്നു പറയുന്നു. നേരത്തെ കിടന്ന രണ്ടാംനമ്പർ സെല്ലിൽ തന്നെയാണ് ദിലീപ് വീണ്ടും എത്തിയത്.