നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു റിമാൻഡിലായ നടൻ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തിൽ വഞ്ചിവീടും. പതിനൊന്നു വർഷം മുൻപാണു കായലോര ടൂറിസത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ദിലീപ് വഞ്ചിവീട് സ്വന്തമാക്കിയത്. പുന്നമടക്കായലിൽ 2006 ഫെബ്രുവരി പത്തിനായിരുന്നു വഞ്ചിവീട് നീറ്റിലിറക്കിയത്. ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജു വാരിയർ അടുക്കളയിൽ പാലുകാച്ചിയ ശേഷമായിരുന്നു വഞ്ചിവീടിന്റെ ഉദ്ഘാടനം.
അക്കാലത്തു റിലീസ് ചെയ്ത ‘കൊച്ചിരാജാവ്’ എന്ന സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ട് അതേ പേരിലായിരുന്നു വഞ്ചിവീട് നീറ്റിലിറക്കിയത്.പിന്നീടു ആലപ്പുഴയിലെ സ്വകാര്യ ടൂറിസം ഓപ്പറേറ്റർക്കു വാടകയ്ക്കു കൈമാറിയ വഞ്ചിവീട് ഇപ്പോഴും പള്ളാത്തുരുത്തി കേന്ദ്രമാക്കി സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുകയാണ്.