ദിലീപിനു പൾസർ സുനിയുമായുള്ള ബന്ധത്തിന്റെ ചിത്രം തെളിഞ്ഞതു ദൈവം വിരൽ തൊട്ട നിമിഷത്തിൽ. സുനിയുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വ്യക്തമായിരുന്നുവെങ്കിലും അതു തെളിയിക്കാനുള്ള മാർഗം അന്വേഷിച്ചുകൊണ്ടിരിക്കേയാണു ടെന്നിസ് ക്ലബ്ബിലെ ഒരു സെൽഫി വഴിതുറന്നത്. ദിലീപ് അവിടെ എത്തിയതിനെക്കുറിച്ചു ചോദിക്കാനായി ക്ലബ് ജീവനക്കാരനെ പൊലീസ് ആലുവയിലേക്കു വിളിപ്പിച്ചിരുന്നു.
അവിടെ വച്ചു വിവരങ്ങൾ ശേഖരിച്ചശേഷം പോകാൻ തുടങ്ങുമ്പോഴാണ് എന്നാണു ദിലീപ് എത്തിയതെന്നു പൊലീസ് വീണ്ടും ചോദിച്ചത്. പൊലീസിന് ഇതറിയാത്തതുകൊണ്ടു ചോദിച്ചതല്ല. തീയതി അറിയാനായി ജീവനക്കാരൻ മൊബൈൽ ഫോൺ എടുത്തുനോക്കി. എന്താണു നോക്കുന്നതെന്നു ചോദിച്ചപ്പോൾ അവിടെ വന്നപ്പോൾ സെൽഫി എടുത്തിരുന്നെന്നും അതിലെ തീയതി നോക്കുകയാണെന്നും പറഞ്ഞു.
ഉടൻ ഫോൺ വാങ്ങിയ പൊലീസ് സെൽഫികൾ പരിശോധിച്ചു. അപ്പോഴാണു സുനി പിന്നിൽ നിൽക്കുന്നതു പൊലീസ് കണ്ടെത്തിയത്. പൾസർ സുനി അവിടെ എത്തിയത് എന്തിനാണെന്ന ചോദ്യം എത്തിയതു ദിലീപിലേക്കാണ്. തനിക്കു പിന്നിൽ പൾസർ സുനിയെ തെളിവിനായി ദൈവം ഒരുക്കി നിർത്തിയിരുന്ന വിവരം ക്ലബ് ജീവനക്കാരൻ അറിയുന്നതും പൊലീസ് അതു കണ്ടെത്തിയപ്പോഴാണ്.