കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ നടുറോഡില്‍ കൊള്ളയടിച്ചു. തൃശൂര്‍ ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഇന്നു വെളുപ്പിന് രണ്ടരയോടെയായിരുന്നു സംഭവം. ഗര്‍ഭിണിയായ യുവതിയേയും അക്രമികള്‍ ഭീഷണിപ്പെടുത്തി.
പാലക്കാട് സ്വദേശി വിനോദ്കുമാറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. പിറവത്തെ ഭാര്യാവസതിയില്‍ നിന്ന് പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കാര്‍ കേടായി വഴിയരികില്‍ നിര്‍ത്തിയപ്പോള്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടിയ രണ്ടു പേരാണ് കൊള്ളയടിച്ചത്. ആഭരണവും പണവും മൊബൈലുമാണ് നഷ്ടപ്പെട്ടത്.
നിര്‍ത്തിയിട്ട കാറിനരികില്‍ വന്ന് ഹൈവേ പൊലീസ് കാര്യങ്ങള്‍ തിരക്കി മടങ്ങി പത്തു മിനിറ്റിനകമാണ് കൊള്ളയടിക്കല്‍ . കള്ളന്മാര് കൊണ്ടുപോയ മൊബൈല്‍ ഫോണിലാണ് പൊലീസിന്റെ പ്രതീക്ഷ. തൃശൂര്‍ ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളില്‍ രാത്രികാലത്ത് കൂടുതല്‍ പട്രോളിങ് സംഘത്തെ വിന്യസിക്കാന്‍ പൊലീസ് തീരുമാനിച്ചു.