ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ രാജകുടുംബത്തിന്റെ എതിര്‍പ്പിനുള്ള കാരണമറിയില്ല. ആശങ്ക മനസിലാക്കാന്‍ രാജകുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു. ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്കാരകമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും ആവശ്യപ്പെട്ടു.
ശ്രീപത്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുപ്രീംകോടതിയുടെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും കടകംപള്ളി പറഞ്ഞു. ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന് വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കി. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങളുടെ പ്രതികരണം. അപ്പോള്‍ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും വി.എസ് അറിയിച്ചു.