പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കാക്കനാട് കോടതി അഞ്ചുദിവസത്തേക്കാണ് സുനിയെ കസ്റ്റഡിയില്‍ വിട്ടത്. സുനിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കും. സ്രാവുകള്‍ എപ്പോള്‍ കുടുങ്ങുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ചൂണ്ടയിലാണെന്നായിരുന്നു സുനിയുടെ പ്രതികരണം.
പള്‍സര്‍ സുനിയെ എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് ഉപയോഗിച്ച കേസില്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമാണ് പൊലീസ് സുനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ പരിഗണിച്ച കോടതി അഞ്ചുദിവസത്തേക്ക് സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കോയമ്പത്തൂരില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ പറഞ്ഞ സ്രാവുകള്‍ എപ്പോള്‍ കുടുങ്ങും എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ ചൂണ്ടയിലാണ് എന്നായിരുന്നു സുനിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോലാണ് സുനി കാക്കനാട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി തുടങ്ങിയവരോട് സംസാരിച്ചത്. തന്നെ ബ്ലാക്മെയില്‍ ചെയ്യാനാണ് സുനി ഇവരെ ഫോണ്‍ ചെയ്തതെന്ന് നടന് ദിലീപ് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോണുപയോഗിച്ചതിന് പൊലീസ് കേസെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് മോഷ·ണം പോയ ഫോണാണ് സുനി ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് അവിടെ തെളിവെടുപ്പിന് പോകുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഫോണ്‍ മോഷ്ടിക്കപ്പെട്ട സമയത്ത് സുനി ജയിലിലായിരുന്നു എന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.