ജി.എസ്.ടിയുടെ ഭാഗമായി റയില്‍വെ സേവനങ്ങളുടെ നിരക്ക് കൂട്ടിയത് യാത്രക്കാര്‍ക്കു തിരിച്ചടിയായി. സംസ്ഥാനത്തെ എ വണ്‍ റേറ്റിങ്ങിലുള്ള നാലു സ്റ്റേഷനുകളില്‍ പാര്‍ക്കിങ് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു.
ഇരുചക്ര വാഹനം ദിവസവും റയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ഒരു മാസത്തേയ്ക്ക് ഒന്നിച്ചു നല്‍കിയിരുന്നത് 150 രൂപ. പക്ഷേ, ജുലൈ ഒന്നു മുതല്‍ ഈ തുക 360 രൂപയായി റയില്‍വെ ഉയര്‍ത്തി. സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് ഈ വര്‍ധന ഇരുട്ടടിയായി. പത്തു രൂപ നല്‍കിയിരുന്ന പാര്‍ക്കിങ്ങിന് ഇനി 20 രൂപ നല്‍കണം. ഒരു ദിവസം മുഴുവന്‍ നാലു ചക്രവാഹനം സ്റ്റേഷന് മുറ്റത്തു പാര്‍ക്ക് ചെയ്യാന്‍ 25 രൂപ. ഇങ്ങനെ, പഴയ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വര്‍ധന. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ , കോഴിക്കോട് സ്റ്റേഷനുകള്‍ എ വണ്‍ വിഭാഗത്തിലാണ്. നിരക്ക് വര്‍ധന ഈ സ്റ്റേഷനുകളില്‍ ബാധകമാണെന്ന് റയില്‍വെ അറിയിച്ചു.
പാര്‍ക്കിങ് നിരക്ക് ഇരട്ടിയായതിനെ ചൊല്ലി റയില്‍വെ സ്റ്റേഷന് പരിസരം പലപ്പോഴും വാക്കേറ്റത്തിനു വേദിയായി. സീസണ് ടിക്കറ്റ് യാത്രക്കാര്‍ റയില്‍വേയ്ക്കെതിരെ തിരിഞ്ഞു. തീരുമാനം പുനപരിശോധിക്കണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.
പ്ലാറ്റ്ഫോമിലെ കാത്തിരിപ്പു കേന്ദ്രങ്ങളിലെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇരുപതു രൂപയില്‍നിന്ന് 24 രൂപയാക്കി. എ.സി. ടിക്കറ്റിന് നേരിയ വര്‍ധന. ട്രെയിനകത്തെ ഭക്ഷണത്തിനും വര്‍ധനയുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.