കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും അഞ്ച് സഹതടവുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ദിലീപിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ഈ ഫോണും ഉപയോഗിച്ചെന്നാണ് വിവരം. സഹതടവുകാരന് ആയിരുന്ന പീച്ചി സ്വദേശി ജിന്സണ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചകാര്യം പൊലീസ് കണ്ടെത്തിയത്.
ജയിലിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ജയില്‍ സൂപ്രണ്ട് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പള്‍സര്‍ സുനി, സഹതടവുകാരനായ സനല്‍,വിപിന്‍ലാല്‍, മഹേഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ ഇവരെ പൊലീസ് ചോദ്യം ചെയ്യും.
ദിലീപിനെ ബ്ലാക്മെയില്‍ െചയ്യാന്‍ ഈ ഫോണും ഉപയോഗിച്ചെന്ന് വിവരമുണ്ട്. ഫോണ്‍ ജയിലില്‍ എത്തിച്ച വിഷ്ണുവിനെ കേസില്‍ ഇപ്പോള്‍ പ്രതിചേര്‍ത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ ഷൂസില്‍ ഒളിപ്പിച്ച് ജയിലിലേക്ക് കടത്തിയെന്നാണ് വിവരം. അതേസമയം നടിയെ ആക്രമിച്ചക്കേസിന്റെ ഗൂഢാലോചനയിലെ തുടര്‍ അന്വേഷണം പൊലീസ് വിപുലപ്പെടുത്തി. ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്.