റാന്നി ∙ വീടിനോടു ചേർന്നു കുളവി കൂടു കെട്ടിയതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാതായി. പുതുശേരിമല കിഴക്കേവിളപ്പടിക്കു സമീപം കിഴക്കേനെടുവക്കാട്ട് എൻ.കെ. രാജുവും കുടുംബവുമാണു കുളവിയെ ഭയന്നു കഴിയുന്നത്. രാജുവിന്റെ വീടിനോടു ചേർന്ന പുരയിടത്തിലെ കുരുമുളക് കൊടിയിലാണു കൂറ്റൻ കുളവിക്കൂട്.
ചുവന്ന കുളവികളാണു കൂടൊരുക്കിയിരിക്കുന്നത്. അവ പറമ്പിലെല്ലാം പറന്നു നടക്കുകയാണ്. അടുത്തിടെ സമീപവാസിയെ കുളവി കുത്തിയതോടെയാണു വീട്ടുകാർ കൂട് കണ്ടെത്തിയത്. വീട്ടു മുറ്റത്തും കുളവി പറന്നു നടക്കുന്നുണ്ട്. അവ കുത്തുമോയെന്ന ഭയമാണു വീട്ടുകാർക്ക്. അടുത്തിടെ പർവതം റോഡിനു സമീപം പുരയിടത്തിലും കുളവിക്കൂട് കണ്ടിരുന്നു. വനപാലകരെത്തിയാണ് അവയെ നശിപ്പിച്ചത്.