പുതുവൈപ്പ് സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍. ഹൈക്കോടതി ജങ്ഷനില്‍ സമരക്കാരെ നേരിട്ട കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതുവൈപ്പിലെ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ കൊച്ചി ഡിസിപി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമായിരുന്നു ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രതികരണം. പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയില്‍ യതീഷ് ചന്ദ്രയ്ക്ക് പങ്കില്ലെന്ന് ഡി ജി പി പറഞ്ഞു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാതയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സമരക്കാര്‍ ശ്രമിച്ചപ്പോഴാണ് യതീഷ് ചന്ദ്രയ്ക്ക് ഇടപെടേണ്ടി വന്നതെന്നും ഡിജിപി വിശദീകരിച്ചു.
പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദസംഘടനകളുണ്ടെന്ന് ഡിജിപി പറഞ്ഞു. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ച് എസ്പിയോടും കമ്മിഷണറോടും റിപ്പോര്‍ട്ട് തേടിയതായി കൊച്ചി റേഞ്ച് ഐ.ജി. പി.വിജയന് അറിയിച്ചു.