ആദ്യ മെട്രോ യാത്രയുടെ ആവേശത്തില്‍ കൊച്ചി. സര്‍വീസ് തുടങ്ങിയ ആദ്യ ദിനം രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. മെട്രോയെ ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവാണ് ജനത്തിരക്കെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അവകാശപ്പെട്ടു.
പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ മെട്രോ സ്റ്റേഷനുകള്‍ക്കു മുന്നില്‍ ക്യൂ തുടങ്ങിയിരുന്നു. ആറു മണിക്ക് സ്റ്റേഷനുകള്‍ തുറന്നതോടെ പുറത്തെ ക്യൂ സ്റ്റേഷനുകള്ക്കുളളിലായി. ടിക്കറ്റ് കിട്ടിയവര്‍ പ്ലാറ്റ്ഫോമിലേക്ക് തിരക്കിട്ടോടി. യാത്ര തുടങ്ങിയപ്പോഴേക്കും കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് ജനം ആവേശം പ്രകടിപ്പിച്ചത്.
ആദ്യ ദിനസങ്ങളിലെ തിരക്ക് പ്രതീക്ഷിച്ചിരുന്നതാണെന്നും നഗരത്തില്‍ ഗതാഗത പ്രശ്നങ്ങളുണ്ടാകാതാരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നഗരവാസികള്‍ക്കൊപ്പം യാത്രയ്ക്കെത്തിയ കെംഎംആര്‍എല്‍ എംഡി പറഞ്ഞു. ജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെയും പൊലീസിനെയും സ്റ്റേഷനുകള്ക്കുളളില് വിന്യസിച്ചിട്ടുണ്ട്.