കോട്ടയം ∙ നഗരത്തിലെ തിയറ്ററിൽ രാത്രി സിനിമ കാണുന്നതിനിടെ ചേരിതിരിഞ്ഞു ഡാൻസ് കളിക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ അവസാനിച്ചു. ഇവരിലൊരാൾ കുരുമുളകു സ്പ്രേ ഉപയോഗിച്ചതിനാൽ അൻപതോളം പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പൊലീസ് കയ്യാങ്കളിയിൽ ഏർപ്പെട്ട ഇല്ലിക്കൽ, കാഞ്ഞിരം സ്വദേശികളായെ ആറു യുവാക്കളെ പിടികൂടി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.
പാദുഷ (20), ടിബിൻ (24), അർജുൻ (22), സച്ചിൻ (21), വിഷ്ണു (24), അജ്മൽ (21) എന്നിവരാണു പിടിയിലായത്. തമിഴ് സിനിമയുടെ ഡാൻസ് രംഗങ്ങൾക്കു ചുവടുവച്ചാണ് യുവാക്കളുടെ സംഘങ്ങൾ ഡാൻസ് കളിച്ചത്. ഇതിനിടെ കാഞ്ഞിരം സ്വദേശികളുടെ സംഘത്തിൽപെട്ട യുവാവുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു. ബഹളത്തിനിടെ ഇല്ലിക്കൽ സ്വദേശി കൈവശമുണ്ടായിരുന്ന കുരുമുളകു സ്പ്രേ ഉപയോഗിച്ചു.
തിയറ്ററിൽ ഉണ്ടായിരുന്നവരിൽ അൻപതോളംപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ നാലുപേർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പൊലീസ് എത്തുമ്പോഴും കയ്യാങ്കളി തുടരുകയായിരുന്നു. പൊലീസ് ബലപ്രയോഗത്തിലൂടെയാണു യുവാക്കളുടെ സംഘത്തെ പിടികൂടിയത്. തിയറ്ററിനുള്ളിൽനിന്നു കുരുമുളകു സ്പ്രേ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.