കണ്ണൂര്‍ നഗരത്തില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മൃഗങ്ങളെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെയുള്ള കേന്ദ്രഉത്തരവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ചത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാസെക്രട്ടറി പൊലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കണ്ണൂര്‍ മജിസ്ട്രേറ്റിന്റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കേരള പൊലീസ് ആക്ടിലെ 120 എ വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് പരസ്യമായി മൃഗങ്ങളെ കശാപ്പ് ചെയ്ത കുറ്റത്തിനാണ് കേസടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തും. ഒരുവര്‍ഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ പ്രതിഷേധമാര്ഗത്തില് തെറ്റില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.ഇവരെ വിളിച്ചുവരുത്തി പൊലീസ് മൊഴി ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്.