E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനുള്ള നിരോധനം നല്ലതിനോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

beef-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭരണഘടനാവിരുദ്ധം: എൻ. എസ്. മാധവൻ

കന്നുകാലിച്ചന്തകൾ നിയന്ത്രിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾ നിയമപരമായ ഒരു ‘ഗൂഗ്ലി’യാണ്. കന്നുകാലി വിപണി നിയന്ത്രിക്കുക എന്നതു സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്. അതുകൊണ്ടാണു കേന്ദ്രത്തിന് അധികാരമുള്ള മൃഗക്ഷേമം എന്ന വിഷയത്തിന്റെ മറപിടിച്ചുകൊണ്ട് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് നിയമം ഉപയോഗിച്ചുകൊണ്ട് ഈ ചട്ടങ്ങൾ കൊണ്ടുവന്നത്. എന്നാൽ, അവ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം കലക്ടർമാർക്കാണ് - അതായത്, സംസ്ഥാന സർക്കാരുകൾക്ക്. ‌ 

ഗസറ്റിൽ പ്രസിദ്ധീകരിച്ച നാൾതൊട്ടു നിലവിൽ വന്ന ഈ ചട്ടങ്ങൾ കന്നുകാലികളുടെ കശാപ്പ് നിർത്തലാക്കുന്നില്ല. കേന്ദ്ര സർക്കാരിലെ വെറും ജോയിന്റ് സെക്രട്ടറിയുടെ ഒപ്പുകൊണ്ട് അതു നടപ്പിലാക്കാൻ പറ്റില്ലല്ലോ. എന്നാൽ, ഫലത്തിൽ സംഭവിക്കുന്നത് അതുതന്നെയാണ്. ചട്ടങ്ങൾ അനുസരിച്ച് അറവിനായി മൃഗങ്ങളെ കന്നുകാലിച്ചന്തകളിൽ വിൽക്കാൻ പാടില്ല. കൃഷിഭൂമിയുള്ളവരേ ഇനിമുതൽ കാലിച്ചന്തകളിൽ നിന്നു പശു, കാള, പോത്ത്, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ വാങ്ങാൻ പാടുള്ളൂ.

ഇന്ത്യയുടെ മാംസവിപണി ഉദ്ദേശം ഒരു ലക്ഷം കോടി രൂപ പ്രതിവർഷം മതിപ്പുള്ളതാണ്. ഇതിന്റെ നിലനിൽപ് ഈ കാലിച്ചന്തകളെ ആശ്രയിച്ചാണ്. കാലിച്ചന്തകൾക്കു പുറമേ, ലൈസൻസുള്ള ബ്രീഡർമാർ (അറവിനു വേണ്ടി കാലിവളർത്തുന്നവർ) കൂടി ഉണ്ടെന്നതു മറക്കരുത്. അവരെ ഈ ചട്ടങ്ങൾ ബാധിക്കുന്നില്ല. എന്നാൽ, അവരുടെ സംഖ്യ വളരെ കുറവാണ്. 

ഇത്രയും വലിയ വിപണിയുടെ പ്രാഥമികമായ ഏകകം  വീടുകൾ തന്നെയാണ്. അവിടെനിന്നാണു കറവ വറ്റിയ മൃഗങ്ങളെ കച്ചവടക്കാർ വാങ്ങുന്നതും കാലിച്ചന്തകളിൽ എത്തിക്കുന്നതും. ഇനിമുതൽ അതു നടപ്പില്ല. അർധപട്ടിണിക്കാരനായ ഇന്ത്യൻ കർഷകന്റെ പിടലിക്ക്, വൃദ്ധരായ മൃഗങ്ങളെ പരിപാലിക്കുക എന്നൊരു ചുമതല കൂടി വന്നുവീഴുന്നു. മാത്രമല്ല, കാലാകാലങ്ങളിലായി കിട്ടിവരുന്ന വൃദ്ധമൃഗങ്ങളുടെ വിൽപനയിൽ നിന്നുള്ള വരുമാനം നിന്നുപോകുന്നു. ചെറുപ്പമുള്ള കന്നുകാലികളെ വാങ്ങാനുള്ള മൂലധനം കൂടിയാണ് ഈ വരുമാനം എന്നോർക്കുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന ധവളവിപ്ലവത്തിൽ ഈ ചട്ടങ്ങൾ കറുപ്പു പടർത്തും എന്ന സംശയം ബലമാകുന്നു.

ഇതിനു പുറമേയാണു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 26,000 കോടി രൂപ വിദേശനാണ്യം നേടിത്തന്ന മാംസക്കയറ്റുമതി. ആ സ്രോതസ്സു വരളും. അതിനു പുറമേയാണു ലക്ഷക്കണക്കിന് ആളുകൾക്കു തൊഴിൽ നൽകുന്ന തുകൽവ്യവസായത്തിന്റെ വിനാശവും. സാമ്പത്തികമായ എല്ലാ യുക്തികൾക്കും അതീതമാണു പെട്ടെന്നു പ്രത്യക്ഷപ്പെട്ട മൃഗക്ഷേമപരത.

ഒരുപക്ഷേ അത്ര പെട്ടെന്നല്ല കാര്യങ്ങളുടെ ഗതി. ചൂഴ്ന്നു നോക്കുമ്പോൾ നമുക്കു കാണാം, ഇന്ത്യയിൽ മിക്കയിടത്തും കന്നുകാലിക്കച്ചവടക്കാർ ഒരു പ്രത്യേക മതത്തിൽ പെട്ടവരാണെന്ന്. അതുപോലെതന്നെ ചത്ത മൃഗങ്ങളുടെ തോലും മറ്റു ജൈവാവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നതു സമൂഹത്തിന്റെ അടിത്തട്ടിലുള്ള ലക്ഷക്കണക്കിന് ആളുകളാണെന്നും. ഉത്തരേന്ത്യയിൽ ദലിതന്മാർക്കും മുസ്‌ലിംകൾക്കും എതിരായുള്ള അക്രമങ്ങൾ - പ്രത്യേകിച്ച് ഗോരക്ഷക് എന്നു വിളിക്കുന്ന ‘പശുഗുണ്ടകളുടെ’ - വർധിച്ചു വരുന്ന ഇക്കാലത്ത്, കന്നുകാലിച്ചന്തകളെക്കുറിച്ചുള്ള ചട്ടങ്ങളുടെ രാഷ്ട്രീയം അത്ര അപ്രതീക്ഷിതമല്ല.

പ്രശ്നം തീൻമേശയുടേതു കൂടെയാണ്. മാംസവിപണിയുടെ വലുപ്പത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് - വളരെയധികം ആളുകൾ ഇപ്പോൾ അറവു നിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നവരാണെന്ന്. തീന്മേശയിലെ പിഞ്ഞാണങ്ങളിൽ എന്തു വിളമ്പാൻ പാടില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എട്ടു പേജുള്ള, കൈ വളച്ചു മൂക്കിൽ പിടിക്കുന്ന, ഉത്തരവു തീരുമാനിക്കുമ്പോൾ മതനിരപേക്ഷവും സമത്വം ഉറപ്പു നൽകുന്നതുമായ ഒരു സമൂഹത്തിനായി നാം നമുക്കു നൽകിയ ഭരണഘടനയ്ക്കു തന്നെയാണു മുറിവേൽക്കുന്നത്. 

ചോദ്യങ്ങള്‍ ബാക്കി: അഡ്വ. സി.പി. ഉദയഭാനു

ഭക്ഷണം, വസ്ത്രം, പാർപ്പിടം... മനുഷ്യന്റെ ഈ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് ഓരോ നാട്ടിലും വംശത്തിലും അവരുടേതായ ജനിതക പ്രത്യേകതകളുമായി ബന്ധപ്പെട്ടതാണ്. അതിൽ മാറ്റം വരുത്താൻ ഭരണകൂടം ഒരുങ്ങുന്നതു ഭരണഘടന പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യയെപ്പോലെ ജൈവവൈവിധ്യമുള്ള ഒരു രാജ്യത്ത് പ്രാദേശിക സർക്കാരുകൾക്ക് ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക അവകാശമുണ്ട്. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിൽ എടുക്കാതെ അവരുടെ ഭൂരിപക്ഷ അഭിപ്രായം ആരായാതെ കേന്ദ്രസർക്കാർ ഒരു നോട്ടിഫിക്കേഷനിലൂടെ രാജ്യത്തെ മാംസാഹാര ശീലങ്ങളെ മാറ്റിമറിക്കാൻ ശ്രമിക്കുന്നതു കടുത്ത അവകാശ ലംഘനമാണ്.

അതുപോലെത്തന്നെ ഗൗരവമുള്ള കാര്യമാണ് ജനതയുടെ പരമ്പരാഗത തൊഴിൽ സംസ്കാരത്തെ ഒറ്റ ദിവസംകൊണ്ടു കേന്ദ്രസർക്കാർ ഒരു ഉത്തരവിലൂടെ തകർക്കാൻ ശ്രമിക്കുന്നത്. മാംസം, തുകൽ, അസ്ഥി എന്നിവയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ രൂപപ്പെട്ട ഒരു തൊഴിൽ, ഉൽപാദന സംസ്കാരമുണ്ട്. ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ പലരും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ ഭാഗമായി ഇതു നിർവഹിക്കുന്നവരാണ്. പെട്ടെന്ന് ഒരു ദിവസം പരിചയമില്ലാത്ത മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാ‍ൻ പൗരന്മാരോടു ഭരണകൂടം ആജ്ഞാപിക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിൽ ജീവിതശീലങ്ങളിലും ഭക്ഷണക്രമത്തിലും പ്രകൃതിദത്തമായ ഒരു പാരസ്പര്യം നിലനിൽക്കുന്നതു കാണാതെ നടത്തുന്ന നിയമനിർമാണങ്ങൾ മൂഢത്തരമാണ്. 

രാജ്യത്തിന് ഏറ്റവും അധികം വിദേശനാണ്യം നേടിത്തരുന്ന മത്സ്യബന്ധന–സംസ്കരണ–വിപണന മേഖലയ്ക്കു സമാനമായ ഒരു തൊഴിൽശൃംഖല മാംസ സംസ്കരണ – കയറ്റുമതി മേഖലയിലും നിലനിൽക്കുന്നുണ്ട്. അത് ഒരു നോട്ടിഫിക്കേഷനിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് യുക്തിസഹമല്ല. 

രാജ്യത്തു കന്നുകാലികളെ കശാപ്പു ചെയ്യുന്നതു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിരിക്കുന്നതു മൃഗങ്ങൾക്കെതിരായ ക്രൂരത നിരോധന നിയമം (പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട്) ഉപയോഗിച്ചുകൊണ്ടാണ്. കന്നുകാലികളെ വാങ്ങുന്നവർ അതു കൃഷി ആവശ്യത്തിനാണെന്നും കശാപ്പിനല്ലെന്നും രേഖ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യ സർക്കാർ ഒരുദിവസം മാംസവിപണനവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിനെ അലഹബാദ് ഹൈക്കോടതി കർശനമായ ഭാഷയിൽ വിമർശിച്ചതു മറക്കരുത്. ഇത്തരം കാര്യങ്ങളിൽ ഭരണകൂടങ്ങൾക്ക് ഉചിതമായ തീരുമാനങ്ങളെടുക്കാൻ ചരിത്രവും വഴികാട്ടിയാണ്. 1977ലെ ജനതസർക്കാരിന്റെ കാലത്താണു കേന്ദ്രമന്ത്രി ഒ.പി.ത്യാഗി ഗോവധ നിരോധന ബില്ല് കൊണ്ടുവന്നത്. പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളുടെയും എതിർപ്പിനെത്തുടർന്നു ബില്ല് പരാജയപ്പെട്ടു.

ഇന്ത്യയുടെ പ്രത്യേക സാംസ്കാരിക സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ പഠിച്ചു തീരുമാനമെടുക്കേണ്ട ഒരു വിഷയത്തിലാണ് നിലവിലുള്ള ഭരണവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടു കേന്ദ്രസർക്കാർ പൊടുന്നനെ ഇത്തരം സങ്കുചിത നിയമങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത്. 

ഇതിലൂടെ രാജ്യത്ത് എത്രപേർക്കു തൊഴിൽ നഷ്ടപ്പെടുമെന്ന പഠനങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടോ? അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള എന്തു പദ്ധതിയാണു വിഭാവനം ചെയ്തിട്ടുള്ളത്, മാംസാഹാരം ശീലിച്ചവരുടെ പോഷകപരമായ ആവശ്യങ്ങളെ മറ്റേതുവിധമാണു സർക്കാർ നിറവേറ്റാന്‍ ഒരുങ്ങുന്നത്? അതിനായി എന്തു ബദൽമാർഗമാണു തയാറാക്കിയിട്ടുള്ളത്? 

ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഈ രാജ്യത്തെ ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു.

ആരോഗ്യത്തെ ബാധിക്കും: ഡോ.ബി.ഇക്ബാൽ

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. 

ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും. കേരളത്തിൽ പയർവർഗങ്ങൾ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തുന്നതും കുറയുന്നു. അപ്പോൾ, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മൽസ്യവും മാംസവും തന്നെ. 

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. ഇക്കൂട്ടത്തിൽ ഇന്ത്യയൊട്ടാകെ സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. കേരളത്തിലാണെങ്കില്‍ ആട്ടിറച്ചിയെക്കാളും കോഴിയിറച്ചിയെക്കാളും വിറ്റഴിയുന്നതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ് കിട്ടാതാകുന്നതോടെ ഇല്ലാതാകുന്നത്. 

കേരളത്തിൽ പൊതുവെ പ്രോട്ടീൻ ശരീരത്തിലെത്തുന്നതു കുറവാണ്. കാരണം, ചോറാണു നമ്മുടെ പ്രധാന ഭക്ഷണം. അന്നജമാണു ചോറിൽ പ്രധാനം. അന്നജം വലിയ അളവിൽ പെട്ടെന്നു ശരീരത്തിലെത്തുന്നതോടെ ആവശ്യമുള്ളതു മാത്രം ദൈനംദിന പ്രവർത്തനങ്ങൾക്കായി എടുക്കുകയും ബാക്കി കൊഴുപ്പായി അടിയുകയും ചെയ്യുന്നു. ഇതു ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പല്ല. അതിന്റെഫലമായാണ് അമിതവണ്ണവും കുടവയറുമൊക്കെ ഉണ്ടാകുന്നത്. 

കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയും പ്രോട്ടീൻ കൂട്ടുകയും തന്നെയാണ് ഈ സാഹചര്യത്തിൽ ആരോഗ്യപരിരക്ഷയ്ക്കായി ചെയ്യേണ്ടത്. പ്രോട്ടീനിന്റെ കലവറയായ ബീഫ് കിട്ടാതാകുന്നത് ഈ അവസരത്തിൽ ദോഷഫലമേ ഉണ്ടാക്കൂ. ബീഫ് അടക്കമുള്ള റെഡ് മീറ്റിലെ കൊഴുപ്പ് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു പറയുന്നത് അമിതമായി ഉപയോഗിക്കുമ്പോഴാണു ബാധകമാകുന്നത്. അതുപോലെ, കൂടുതൽ എണ്ണയിൽ വറുക്കുകയും പൊരിക്കുകയും ചെയ്യുമ്പോഴും.  കൊഴുപ്പിനെക്കാൾ കൂടുതൽ ബീഫിലുള്ളതു പ്രോട്ടീനാണെന്നുമോർക്കണം.

തൊഴിലാളികൾ അടക്കം ശാരീരികാധ്വാനം കൂടുതലായി ചെയ്യുന്നവരും ബീഫാണു മാംസത്തിന്റെ കൂട്ടത്തിൽ കൂടുതൽ കഴിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലാകെ അങ്ങനെതന്നെയാണ്. ബീഫ് കിട്ടാതാകുന്നതോടെ പ്രോട്ടീൻ വേണ്ടത്ര ലഭ്യമല്ലാതെ പേശികൾക്കു ബലം കുറയുകയും അതു ജോലിക്കു തടസ്സമാവുകയും ചെയ്യും.

ഒരു ഭക്ഷ്യവസ്തു ഇല്ലാതാകുന്നതിന്റെ കുറവു പരിഹരിക്കാൻ പലരും ചോറു കൂടുതൽ കഴിക്കാൻ തുടങ്ങും.  അതോടെ കൊഴുപ്പു കൂടുതൽ ശരീരത്തിലെത്തി ആരോഗ്യം ക്ഷയിക്കും. വൈറ്റമിനുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നായ ബി12 ലഭിക്കുന്നതു മാംസത്തിൽനിന്നു മാത്രമാണ്.

കേരളത്തിൽ പൊതുവെ ജീവിതശൈലീരോഗങ്ങൾ കൂടുതലാണ്. പൊണ്ണത്തടിയും അമിതഭാരവും വഴി ഹൃദയസംബന്ധമായവ അടക്കമുള്ള രോഗങ്ങൾക്കു പലരും അടിമകളാകുന്നതും നമ്മൾ കാണുന്നു. ഈ സാഹചര്യത്തിൽ ഉള്ള പ്രോട്ടീൻ സ്രോതസ്സു കൂടി ഇല്ലാതാകുന്നതു ജനത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :