തിയറ്റര്‍ വിഹിതത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍നിന്ന് നിര്‍മാതാക്കളും വിതരണക്കാരും സിനിമകള്‍ പിന്‍വലിക്കുന്നു. തിയറ്റര്‍ വിഹിതത്തില്‍ വര്ധനവേണമെന്ന നിലപാടുള്ള കൊച്ചിയിലെയും തൃശൂരിലെയും മള്‍ട്ടിപ്ലക്സുകളില്‍നിന്ന് നിലവില്‍ ഹിറ്റ് ചിത്രമായ ബാഹുബലിയാണ് പിന്‍വലിച്ചത്. നേരത്തെ ഈ മള്‍ട്ടിപ്ലക്സുകളില്‍ പുതിയ മലയാള സിനിമകളുെട റീലിസും മുടങ്ങിയിരുന്നു.
സിനിമകള്‍ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ച വരുമാനത്തിന്റെ അറുപത്തിയഞ്ചുശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 35 ശതമാനം തിയറ്ററുകാര്‍ക്കും എന്നതാണ് വ്യവസ്ഥ. എന്നാല്‍ മള്‍ട്ടിപ്ളക്സുകളില്‍ ഇത് നേരെ തിരിച്ചാണ്. വരുമാനത്തിന്റെ അറുപത്തിയഞ്ചുശതമാനംവരെ മള്ട്ടിപ്ളകസുകള്ക്കും 35 ശതമാനം നിര്‍മാതാക്കള്‍ക്കും എന്ന നിലയിലാണിത്. ഇത് തുടരാനാവില്ലെന്നും സംസ്ഥാനത്തെ സാധാരണ തിയറ്ററുകാര്‍ക്ക് നല്കുന്ന വരുമാനവിഹിതമേ മള്‍ട്ടിപ്ളക്സുകള്‍ക്കും നല്‍കാനാവൂ എന്നതാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.
നേരത്തെ പുതിയ സിനിമകളായ ഗോദ, അച്ചായന്‍സ് എന്നീ സിനിമകള്‍ കൊച്ചിയിലും തൃശുരുമായുള്ള പന്ത്രണ്ടോളം മള്‍ട്ടിപ്ളക്സ് സ്ക്രീനുകളില്‍ റിലീസ് ചെയ്തിരുന്നില്ല. മള്‍ട്ടിപ്ളക്സുകളില്‍ ബാഹുബലിയുടെ റിലീസിങും ഈ പ്രശ്നത്തെത്തുടര്‍ന്ന് വൈകിയിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്.