സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശന ഫീസ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണ് നടപടി. സ്വാശ്രയകൊള്ള രണ്ടാം സീസണ് തുടങ്ങിയെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കി വി.ടി. ബല്‍റാം പറഞ്ഞു. സ്വാശ്രയ കോളജുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നീറ്റ് നിലവിലുള്ളതിനാല്‍ രണ്ടുതരം ഫീസ് പറ്റില്ലെന്നും റെഗുലേറ്ററി കമ്മിഷന് നിര്‍ദേശിച്ച ഫീസാണ് നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രി മറുപടി നല്കി. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.