കണ്ണൂര്‍ പയ്യന്നൂരില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രമുരിഞ്ഞ സംഭവത്തില്‍ സി.ബി.എസ്.ഇയുടെ നിര്‍ദേശം പാലിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍. പെണ്‍കുട്ടിയെ അപമാനിച്ചതിന് അധ്യാപകര്‍ക്കെതിരെ കേസെടുത്ത പരിയാരം പൊലീസ്, സ്കൂള്‍ പ്രിന്‍സിപ്പലിന്റെയും മൊഴിയെടുത്തു. ആരോപണവിധേയരായ നാലുഅധ്യാപികമാരുടെ അറസ്റ്റും ഉടനുണ്ടാകും.
പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടിക്ക് അഭിമാനം ക്ഷതം ഏല്‍പ്പിക്കുകയും മാനസീകസമ്മര്ദത്തിലാക്കുകയും ചെയ്ത കുറ്റത്തിനാണ് അധ്യാപികമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരീക്ഷചുമതലയിലുണ്ടായിരുന്ന ഷീജ, ഷെഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരുടെ ഭാഗത്തുനിന്ന് പെണ്‍കുട്ടിക്ക് മാനസീകപീഡനം ഏല്‍പ്പിക്കുന്ന പെരുമാറ്റമുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.നാല് അധ്യാപികമാരുടേയും അറസ്റ്റ് രേഖപ്പെടുത്തി കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അധ്യാപികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഭിമാനക്ഷതമേറ്റ ചെറുവത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴി വനിതാസിഐയുടെ നേതൃത്വത്തില്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ കേസ് നടപടികള്‍ ഇവിടെകൊണ്ട് അവസാനിക്കും. നീറ്റ് പരീക്ഷ നടന്ന ദിവസം പരീക്ഷചുമതലയിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പ്രിന്‍സിപ്പലില്‍ നിന്ന് ശേഖരിച്ചു.പ്രിന്‍സിപ്പലിനെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. പൊലീസ് നടപടികള്‍ പുരോഗമിക്കുമ്പോഴും സിബിഎസ് സിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ തീരുമാനം. പെണ്‍കുട്ടിയോടെ നിരുപാധികം മാപ്പപേക്ഷിക്കാനായിരുന്നു സിബിഎസ് സിയുടെ നിര്‍ദേശം.മാപ്പപേക്ഷ ഇന്നുതന്നെ പ്രിന്‍സിപ്പല്‍ നടപ്പിലാക്കിയേക്കും.
Advertisement