ഓൺലൈൻ റജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥികൾ ജാഗ്രത കാട്ടുകയും തെറ്റില്ലാതെ വൺടൈം റജിസ്ട്രേഷൻ നടത്തുകയും ചെയ്തില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുമെന്നും പിന്നീടത് പരിഹരിക്കാൻ സാധിക്കില്ലെന്നും പിഎസ്സി അംഗം പ്രഫ. ലോപ്പസ് മാത്യു.
പിഎസ്സിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ അക്ഷയകേന്ദ്രം ജീവനക്കാർക്ക് ഒറ്റത്തവണ റജിസ്ട്രേഷനിൽ നൽകിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റജിസ്ട്രേഷൻ സമയത്ത് വരുത്തുന്ന തെറ്റുകൾ മൂലം ഉയർന്ന റാങ്ക് കിട്ടിയിട്ടും ജോലി ലഭിക്കാതെ പോകുന്ന സംഭവങ്ങളുണ്ട്. ഇക്കാര്യം ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തി പൂർണമായ റജിസ്ട്രേഷൻ നടത്താൻ അക്ഷയ ജീവനക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചട്ടപ്രകാരം പിഎസ്സി ഒരു വിജ്ഞാപനം പുറത്തിറക്കിയാൽ പിന്നീട് അതിൽ ഒരു കാര്യത്തിലും മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്നും ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങൾ ക്രമമായും ചിട്ടയായും സമയബന്ധിതമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടർ ജി.ആർ.ഗോകുൽ, അണ്ടർ സെക്രട്ടറി എം.ഹാഷിൽ, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ നിവേദ്, പിഎസ്സി ജോയിന്റ് സെക്രട്ടറി തങ്കമണി, എന്നിവർ പ്രസംഗിച്ചു.