മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിക്ക് പുറമെ പുഴയും കയ്യേറി അനധികൃത കെട്ടിട നിര്‍മാണം. മുതിരപ്പുഴയാര്‍ മണ്ണിട്ട് നികത്തിയാണ് മൂന്നാര്‍ ടൗണിലെ ഭൂരിഭാഗം കെട്ടിടങ്ങളും നിര്‍മിച്ചത്. മൂന്നാര്‍ പഞ്ചായത്തും പുഴകയ്യേറി കെട്ടിടവും പാര്‍ക്കിങ് ഏരിയയും നിര്‍മിച്ചു. മനോരമ ന്യൂസ് പരമ്പര കയ്യൂക്കില്‍ കയ്യേറ്റം തുടരുന്നു.
കൈത്തോടല്ലാ പുഴയാണ് മൂന്നാറിന്റെ ദാഹം മാറ്റിയിരുന്ന പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴ. മൂന്നാറിനെ പങ്കിട്ടെടുത്തവര്‍ മുതിരപ്പുഴയേയും വെറുതെവിട്ടില്ല. പുഴ കയ്യേറി നിര്‍മിച്ച ധാരാളം കെട്ടിടങ്ങളുണ്ടിവിടെ. പുഴയുടെ തീരത്തുള്ള ഹോട്ടലുകളുടെയും ലോഡ്ജുകളുടെയുമെല്ലാം കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പടെ പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്.
സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കമുള്ളവ പേരിന് മാത്രം ഒഴുക്കുള്ള മുതിരപ്പുഴയില്‍ അടിഞ്ഞുകിടക്കുന്നു.
സ്വകാര്യ വ്യക്തികള്‍ മാത്രമല്ല മൂന്നാര്‍ പഞ്ചായത്തും കയ്യൂക്കിലൂടെ പുഴ കയ്യേറി. വാഹനപാര്‍ക്കിങ്ങിനായി മുതിരപ്പുഴ മണ്ണിട്ട് നികത്തി. പദ്ധതി നടപ്പിലായില്ലെങ്കിലും ഇപ്പോഴും ആ സ്ഥലം അങ്ങിനെ തന്നെ കിടക്കുന്നു. പഞ്ചായത്ത് പൊതുശൗചാലയം പണിതതും മുതിരപ്പുഴ നികത്തിയാണ്.