സൗമ്യവധക്കേസില്‍ സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം കോടതി പുനഃസ്ഥാപിച്ചില്ല. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ആറംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സൗമ്യക്കേസില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് നിയമ മന്ത്രി എ.കെ.ബാലന് പ്രതികരിച്ചു.
സാധാരണയായി തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ രണ്ടുകാര്യങ്ങളാണ് പരിശോധിക്കുന്നത്. സ്വാഭാവികനീതി നിഷേധിക്കപ്പെട്ടിട്ടുണ്ടോ, വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് കേസിലെ കക്ഷികളോട് വ്യക്തിതാല്പര്യമുണ്ടോ എന്നിവ. 2002ലെ രൂപ അശോക് കേസില്‍ സുപ്രീംകോടതി മുന്നോട്ടുവച്ച ഈ വ്യവസ്ഥകള്‍ സൗമ്യക്കേസിലും പരിശോധിച്ചു. തിരുത്തല്‍ ഹര്‍ജി അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ആറംഗബെഞ്ച് തീരുമാനിക്കുകയായിരുന്നു. വിധിപറഞ്ഞ മൂന്നു ജഡ്ജിമാരും കൂടി അടങ്ങിയതായിരുന്നു ആറംഗബെഞ്ച്. കേസില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും തിരുത്തല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നതായും മന്ത്രി എ.കെ.ബാലന് പറഞ്ഞു.
തിരുത്തല്‍ ഹര്‍ജിയും തളളിയതോടെ സുപ്രീംകോടതിയിലെ നിയമപോരാട്ടം അവസാനിച്ചു. മാനഭംഗക്കുറ്റത്തിന് നല്കിയ ജീവപര്യന്തം കഠിനതടവില്‍ ഗോവിന്ദച്ചാമിയുടെ ശിക്ഷ ഒതുങ്ങി.