ഡിജിപി ടി.പി.സെന്‍കുമാറിന്റെ പുനര്‍നിയമന ഉത്തരവ് നടപ്പാക്കുന്നത് വൈകും. പുനഃപരിശോധനാ സാധ്യത ആരാഞ്ഞ് സര്‍ക്കാര്‍ , ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടും. ഉത്തരവിന്റെ സാധുതയും സര്‍ക്കാര്‍ പരിശോധിക്കും. അതേസമയം, കോടതിയുത്തരവ് വൈകിപ്പിക്കാനുളള നീക്കം കോടതിയലക്ഷ്യമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കൂടിയാലോചനയ്ക്ക് സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി.പ്രകാശ്,, ഹരീഷ് സാല്‍വെയുടെ സമയം ആവശ്യപ്പെട്ടു. പുന:പരിശോധനയുടെ വിജയസാധ്യതയാണ് പ്രധാനമായും ആരായുക. സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമനം നല്‍കണമെന്ന വിധിയില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. വീണ്ടും തിരിച്ചടി കിട്ടുമോയെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. അതിനാല്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയ ശേഷം മുന്നോട്ടുപോയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ,, വിധി നടപ്പാക്കാതെ വൈകിപ്പിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് അഡ്വ.കാളീശ്വരം രാജ് പറഞ്ഞു.
സുപ്രീംകോടതിവിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ടി.പി.സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിന് കൈമാറി. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കാത്തത് കോടതിയോടുള്ള അനാദരവാണെന്നും,, സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് പറഞ്ഞു.